കോസി നദിയില്‍ വെള്ളപ്പൊക്ക ഭീഷണി; ബീഹാറില്‍ അതീവ ജാഗ്രത

Mon, 04-08-2014 03:26:00 PM ;
പാറ്റ്ന

kosi evacuation

 

നേപ്പാളിലെ പോഷകനദിയില്‍ മണ്ണിടിഞ്ഞ് രൂപപ്പെട്ട തടാകത്തെ തുറന്നുവിടാന്‍ തുടങ്ങിയതോടെ ബീഹാറിലെ കോസി നദിയില്‍ ജലനിരപ്പ് ഉയര്‍ന്നു. വെള്ളപ്പൊക്ക ഭീഷണി കണക്കിലെടുത്ത് ബീഹാറില്‍ ജനങ്ങളെ ഒഴിപ്പിക്കുന്നതടക്കമുള്ള കരുതല്‍ നടപടികള്‍ സ്വീകരിക്കുന്നുണ്ട്. ബീഹാര്‍ സര്‍ക്കാര്‍ മേഖലയില്‍ അതീവ ജാഗ്രത പ്രഖ്യാപിച്ചിരിക്കുകയാണ്.

 

നേപ്പാളിലെ സിന്ധുപല്‍ചോക് ജില്ലയിലാണ് വെള്ളിയാഴ്ച മണ്ണിടിച്ചിലിന്റെ അവശിഷ്ടങ്ങള്‍ മൂലം ഭോതെ കോസി നദിയുടെ ഒഴുക്ക് നിലച്ചത്. കോസിയുടെ പ്രമുഖ പോഷക നദിയാണിത്‌. നേപ്പാള്‍ സൈന്യം തീവ്രത കുറഞ്ഞ സ്ഫോടനങ്ങള്‍ നടത്തിയാണ് നദിയെ തുറന്നുവിടുന്നത്. ഒരു കിലോമീറ്റര്‍ നീളത്തിലാണ് നദിയില്‍ തടസ്സം രൂപപ്പെട്ടിരിക്കുന്നത്.

 

കോസിയുടെ താഴ്ന്ന പ്രദേശങ്ങളില്‍ കഴിയുന്നവരെ ബീഹാര്‍ സര്‍ക്കാര്‍ ഒഴിപ്പിച്ചുതുടങ്ങി. വടക്കന്‍ ബീഹാറിലെ എട്ടു ജില്ലകളിലെ 1.5 ലക്ഷത്തോളം പേരെയാണ്‌ ഒഴിപ്പിക്കുന്നത്. സര്‍ക്കാര്‍ 84 ദുരിതാശ്വാസ കേന്ദ്രങ്ങള്‍ തുറന്നിട്ടുണ്ട്. തടഞ്ഞുനില്‍ക്കുന്ന വെള്ളം മുഴുവന്‍ തുറന്നുവിടുന്നതോടെ പത്ത് മീറ്റര്‍ വരെ ഉയരത്തില്‍ കോസി നദിയില്‍ വെള്ളമൊഴുക്ക് ഉണ്ടാകുമെന്നാണ് കണക്കാക്കുന്നത്.

 

കരുതല്‍-രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ സൈന്യത്തിന്റെ സഹായം ആവശ്യപ്പെട്ടിട്ടുണ്ട്. ദേശീയ ദുരന്ത നിവാരണ സേനയുടെ എട്ടു കമ്പനി ഒഴിപ്പിക്കല്‍ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നുണ്ട്. കൊല്‍ക്കത്തയില്‍ നിന്ന്‍ സേനയുടെ ഏഴു കമ്പനി കൂടി ഇവരോടൊപ്പം ചേരും. ആവശ്യം വരികയാണെങ്കില്‍ ഉപയോഗിക്കാനായി വ്യോമസേനയുടെ ഹെലിക്കോപ്റ്ററുകളും സജ്ജമാക്കിയിട്ടുണ്ട്.

 

2008-ലെ കോസി ദുരന്തം ആവര്‍ത്തിക്കാതിരിക്കാനുള്ള പരിശ്രമത്തിലാണ് സംസ്ഥാനം. 2008 ആഗസ്ത് 18-ന് നവെള്ളപ്പൊക്കമുണ്ടായി നദി വഴി തിരിഞ്ഞ് ഒഴുകിയപ്പോള്‍ നൂറുകണക്കിന് പേര്‍ മരിക്കുകയും 30 ലക്ഷം പേര്‍ ഭവനരഹിതരാകുകയും എട്ടു ലക്ഷം ഏക്കറോളം കൃഷിഭൂമി നശിക്കുകയും ചെയ്തിരുന്നു.

Tags: