ബീഹാറില്‍ ജെ.ഡി (യു), ആര്‍.ജെ.ഡി, കോണ്‍ഗ്രസ് മഹാസഖ്യം

Sun, 27-07-2014 05:41:00 PM ;
പാറ്റ്ന

lalu prasad and nitish kumar

 

ബീഹാര്‍ രാഷ്ട്രീയത്തില്‍ വഴിത്തിരിവിന്റെ സാധ്യതകള്‍ ആരാഞ്ഞ് ഐക്യ ജനതാദള്‍ (ജെ.ഡി (യു)), രാഷ്ട്രീയ ജനതാദള്‍ (ആര്‍.ജെ.ഡി), കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികള്‍ തമ്മില്‍ തെരഞ്ഞെടുപ്പ് സഖ്യം രൂപീകരിച്ചു. ബീഹാറില്‍ ആഗസ്ത് 21-ന് പത്ത് നിയമസഭാ സീറ്റുകളിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി രൂപീകരിച്ച സഖ്യം ഭാവിയിലും തുടരുമെന്ന സൂചന ജെ.ഡി (യു) അദ്ധ്യക്ഷന്‍ ശരദ് യാദവ് നല്‍കിയിട്ടുണ്ട്.

 

മൂന്ന്‍ പാര്‍ട്ടികളും തമ്മിലുള്ള ധാരണ അനുസരിച്ച് ജെ.ഡി (യു)വും ആര്‍.ജെ.ഡിയും നാല് സീറ്റുകളില്‍ വീതവും കോണ്‍ഗ്രസ് രണ്ട് സീറ്റുകളിലും മത്സരിക്കുമെന്ന് ജെ.ഡി (യു) സംസ്ഥാന അദ്ധ്യക്ഷന്‍ വസിഷ്ഠ് നാരായണ്‍ സിങ്ങ് ഞായറാഴ്ച അറിയിച്ചു. ഓരോ പാര്‍ട്ടിയും മത്സരിക്കുന്ന മണ്ഡലങ്ങള്‍ പിന്നീട് പ്രഖ്യാപിക്കുമെന്ന് അദ്ദേഹം പറഞ്ഞു. മുന്‍ മുഖ്യമന്ത്രിമാരായ ജെ.ഡി (യു) നേതാവ് നിതീഷ് കുമാറും ആര്‍.ജെ.ഡി തലവന്‍ ലാലു പ്രസാദ് യാദവും ഒരുമിച്ച് പ്രചാരണം നടത്തുമെന്നും സിങ്ങ് കൂടിച്ചേര്‍ത്തു.  

 

രാജ്യസഭാ തെരഞ്ഞെടുപ്പില്‍ നേരത്തെ മൂന്ന്‍ പാര്‍ട്ടികളും കൈകോര്‍ത്ത കാര്യം ഓര്‍മ്മിപ്പിച്ച ശരദ് യാദവ് ഇത് അടുത്ത പടിയാണെന്ന് വിശേഷിപ്പിച്ചു. ഇത് തുടരുമെന്നും ഇപ്പോള്‍ വിഭജിക്കപ്പെട്ടിരിക്കുന്ന വോട്ടുകള്‍ ഒരുമിപ്പിക്കുന്നതിലൂടെ പുതിയ ചരിത്രം രചിക്കാന്‍ കഴിയുമെന്നും യാദവ് പറഞ്ഞു.

 

അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ സെമി-ഫൈനല്‍ ആയാണ് ഉപതെരഞ്ഞെടുപ്പിനെ രാഷ്ട്രീയ നിരീക്ഷകര്‍ വിശേഷിപ്പിക്കുന്നത്. നരേന്ദ്ര മോദിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി ആയി പ്രഖ്യാപിച്ചതില്‍ പ്രതിഷേധിച്ച് ലോകസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് എന്‍.ഡി.എ വിട്ട ജെ.ഡി (യു)വിന് തെരഞ്ഞെടുപ്പില്‍ കനത്ത പരാജയമാണ് നേരിട്ടത്. രണ്ട് സീറ്റുകള്‍ മാത്രം ലഭിച്ച പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് നിതീഷ് കുമാര്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചിരുന്നു. 40-ല്‍ 31 സീറ്റ് എന്‍.ഡി.എ തൂത്തുവാരിയ തെരഞ്ഞെടുപ്പില്‍ ആര്‍.ജെ.ഡിയുടേയും കോണ്‍ഗ്രസിന്റേയും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. ആര്‍.ജെ.ഡിയ്ക്ക് നാലും കോണ്‍ഗ്രസിന് രണ്ടും സീറ്റുകളാണ് ലഭിച്ചത്. ബി.ജെ.പിയ്ക്കെതിരെ ഒരുമിക്കാന്‍ ഈ പരാജയം മൂന്ന്‍ പാര്‍ട്ടികളേയും നിര്‍ബന്ധിതമാക്കുകയായിരുന്നു.    

Tags: