ബംഗാളിന്റെ വടക്കന്‍ ജില്ലകളില്‍ ജപ്പാന്‍ ജ്വരം ബാധിച്ച് നൂറിലധികം പേര്‍ മരിച്ച പശ്ചാത്തലത്തില്‍ വാക്സിനേഷന്‍ നടപടികള്‍ക്കായി കേന്ദ്ര സര്‍ക്കാറിന്റെ സഹായം തേടുമെന്ന് സംസ്ഥാന സര്‍ക്കാര്‍. അതേസമയം, സ്ഥിതി നിയന്ത്രണ വിധേയമാണെന്നും സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി ചന്ദ്രിമ ഭട്ടാചാര്യ പറഞ്ഞു.
ജ്വരം ബാധിച്ച് മരിച്ചവരുടെ എണ്ണം സംബന്ധിച്ച് വ്യത്യസ്ത വിവരങ്ങളാണ് സര്‍ക്കാര്‍ നല്‍കുന്നത്. ജനുവരിയ്ക്ക് ശേഷം ജ്വരം ബാധിച്ച് 113 പേര്‍ മരിച്ചുവെന്ന് നേരത്തെ അറിയിച്ച സംസ്ഥാന ആരോഗ്യ സേവന ഡയറക്ടര്‍ എണ്ണം ഇന്നലെ 109 ആയി തിരുത്തി. ജൂലൈ ഒന്ന്‍ മുതല്‍ 25 വരെയുള്ള കാലയളവില്‍ 83 പേര്‍ മരിച്ചതായാണ് വടക്കന്‍ ബംഗാളിലെ ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചിട്ടുള്ളത്. ജൂലൈയില്‍ ജ്വരം ബാധിച്ച് മെഡിക്കല്‍ കോളേജില്‍ മാത്രം 71 പേര്‍ മരിച്ചതായി മന്ത്രി ഭട്ടാചാര്യ പറഞ്ഞു.
ജ്വരം പടരുന്ന വിവരം സര്‍ക്കാറിനെ അറിയിച്ചില്ലെന്ന് ആരോപിച്ച് മൂന്ന്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെ വെള്ളിയാഴ്ച സര്‍ക്കാര്‍ സസ്പെന്‍ഡ് ചെയ്തിരുന്നു.