ഡൽഹിയില്‍ മണിപ്പൂരി യുവാവിനെ അടിച്ചുകൊന്നു

Mon, 21-07-2014 02:38:00 PM ;
ന്യൂഡല്‍ഹി

 

ഡൽഹിയിൽ ആറംഗ അക്രമി സംഘം മണിപ്പൂരി യുവാവിനെ അടിച്ചുകൊന്നു. ഞായറാഴ്ച രാത്രിയാണ് സംഭവം. മണിപ്പൂർ സ്വദേശിയും ഡൽഹിയിലെ ബിസിനസ് സ്ഥാപനത്തിൽ ജോലിചെയ്യുന്നയാളുമായ സലോനിയാണ് കൊല്ലപ്പെട്ടത്. കടയിലെത്തിയ യുവാവും അക്രമി സംഘവുമായുള്ള വാക്കുതര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് റിപ്പോര്‍ട്ടുണ്ട്.

 

ഡൽഹിയുടെ ഹൃദയ കേന്ദ്രങ്ങളിലൊന്നായ കൊട്ല മുബാറക്പുരിൽ താമസിക്കുന്ന സലോനി സാധനങ്ങൾ വാങ്ങാനായി കടയിലെത്തിയപ്പോഴാണ് അക്രമി സംഘവുമായി തർക്കമുണ്ടായത്. ഇതിനിടെയിൽ ആറു പേരും ചേർന്ന് സലോനിയെ അടിച്ചു. പൊലീസാണ് സലോനിയെ എയിംസ് ആശുപത്രിയിലെത്തിച്ചത്. വഴിയിൽ വച്ചുതന്നെ മരണം സംഭവിച്ചതായി ആശുപത്രി അധികൃതർ വ്യക്തമാക്കി അക്രമികളെക്കുറിച്ച് വിവരം ലഭിച്ചിട്ടുണ്ടെന്നും ഇവരെ ഉടൻതന്നെ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് അറിയിച്ചു.

 

കഴിഞ്ഞ ജനുവരിയിൽ അരുണാചൽ പ്രദേശിൽ നിന്നുള്ള വിദ്യാർത്ഥിയായ നിഡോ താനിയയെ ഒരു സംഘം അക്രമികൾ അടിച്ചുകൊന്നത് കോട്ല മുബാരക് പുരിന് തൊട്ടടുത്തുള്ള ലാജ്പത് നഗറിൽ വച്ചാണ്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ളവർക്ക് നേരെയുള്ള അതിക്രമങ്ങൾ ഡൽഹിയിൽ പതിവായിരിക്കുകയാണ്.

Tags: