ഛത്തിസ്‌ഗഡില്‍ കാങ്കേര്‍ ജില്ലയില്‍ 10,000 വര്‍ഷം പഴക്കമുള്ള ഗുഹാചിത്രം കണ്ടെത്തിയതായി പുരാവസ്തുഗവേഷകന്‍. ചരിത്രാതീത കാലത്ത് അന്യഗ്രഹജീവികള്‍ പ്രദേശം സന്ദര്‍ശിച്ചിരിക്കാമെന്ന സൂചനകളാണ് ഗുഹചിത്രങ്ങള്‍ നല്‍കുന്നതെന്ന് ഗവേഷകന്‍ ജെ.ആര്‍ ഭഗത് അവകാശപ്പെടുന്നു. മനുഷ്യര്‍ക്ക് സമാനമായ എന്നാല്‍, ലക്ഷണരഹിതമായ മുഖങ്ങളോട് കൂടിയ രൂപങ്ങളും മൂന്ന്‍ കാലുള്ള വാഹനത്തിന് സമാനമായ രൂപങ്ങളുമാണ് ഗുഹയില്‍ കാണപ്പെടുന്നത്.
കാങ്കേറിലെ ചരാമ പ്രദേശത്താണ് ഗുഹാചിത്രങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്. പ്രാഥമിക പരിശോധനകള്‍ പ്രകാരം ചിത്രങ്ങള്‍ക്ക് 10,000 വര്‍ഷമെങ്കിലും പഴക്കമുള്ളതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. ചരിത്രാതീത കാലത്ത് വികസിതമായ അന്യഗ്രഹ സംസ്കാരങ്ങള്‍ ഭൂമിയുമായി ബന്ധപ്പെട്ടിരുന്നു എന്ന പരികല്‍പ്പനയുടെ സാധൂകരണമാണ് ചിത്രങ്ങളെന്ന്‍ ഭഗത് പത്രത്തോട് പറഞ്ഞു. ചിത്രങ്ങള്‍ സംബന്ധിച്ച് കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണെന്നും ഇതിനാവശ്യമായ സംവിധാനങ്ങള്‍ ഛത്തിസ്‌ഗഡില്‍ ഇപ്പോഴില്ലെന്നും ഭഗത് പറഞ്ഞു.
അതേസമയം, ഗുഹകള്‍ ഉള്‍പ്പെടുന്ന ചന്ധേലി, ഗോതിതോള ഗ്രാമങ്ങളിലെ പ്രാചീന കഥകളില്‍ രോഹേല എന്ന കുള്ളന്‍ മനുഷ്യരേക്കുരിച്ച് പരാമര്‍ശമുണ്ട്. ആകാശത്ത് വരുന്ന ഇവര്‍ ഗ്രാമവാസികളെ പിടിച്ചുകൊണ്ട് പോകുന്നതായും ഇവരാരും തിരിച്ചുവന്നിട്ടില്ലെന്നുമാണ് കഥകള്‍. ഗ്രാമവാസികളില്‍ ചിലര്‍ ചിത്രങ്ങളെ ആരാധിക്കാറുണ്ട്.
ചിത്രങ്ങള്‍ പ്രകൃതിദത്ത നിറങ്ങള്‍ ഉപയോഗിച്ചാണ് വരച്ചിരിക്കുന്നതെന്നും വര്‍ഷങ്ങള്‍ ആയെങ്കിലും മാഞ്ഞിട്ടില്ലെന്നും ഭഗത് പറയുന്നു. ആയുധങ്ങള്‍ പോലുള്ള വസ്തുക്കള്‍ പിടിച്ചും ബഹിരാകാശ വസ്ത്രങ്ങള്‍ പോലുള്ളവ ധരിച്ചും നില്‍ക്കുന്ന രൂപങ്ങളുടെ മുഖത്ത് മൂക്കും വായും ഇല്ല. ചിത്രങ്ങളുടെ സ്ഥിരീകരണത്തിന് ഛത്തിസ്‌ഗഡ് പുരാവസ്തു വകുപ്പ് മറ്റ് ഗവേഷകരുമായും ഐ.എസ്.ആര്‍.ഒ, നാസ തുടങ്ങിയ ബഹിരാകാശ ഏജന്‍സികളുമായും സഹകരിച്ച് കൂടുതല്‍ പഠനങ്ങള്‍ നടത്തുമെന്ന്‍ ഭഗത് പറഞ്ഞു.