Skip to main content
ന്യൂഡല്‍ഹി

tapas pal

 

തൃണമൂല്‍ കോണ്‍ഗ്രസ് എം.പി തപസ് പാലിന്റെ വിവാദ പരാമര്‍ശത്തില്‍ കേന്ദ്രം പശ്ചിമ ബംഗാള്‍ സര്‍ക്കാറില്‍ നിന്ന്‍ വിശദീകരണം ആവശ്യപ്പെട്ടു. പരാമര്‍ശം സംബന്ധിച്ച വസ്തുതകളും സ്വീകരിച്ച നടപടികളും ചേര്‍ത്ത് റിപ്പോര്‍ട്ട് നല്‍കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ആവശ്യപ്പെട്ടിരിക്കുന്നത്. സി.പി.ഐ.എം പ്രവര്‍ത്തകരായ സ്ത്രീകളെ ബലാല്‍സംഗം ചെയ്യാന്‍ തന്റെ ആളുകളെ അയക്കുമെന്നായിരുന്നു ചലച്ചിത്ര താരം കൂടിയായ പാലിന്റെ പരാമര്‍ശം.

 

പരാമര്‍ശത്തിനെതിരെ വന്‍ പ്രതിഷേധം ഉയര്‍ന്നിട്ടും തൃണമൂല്‍ നേതൃത്വത്തിലുള്ള പശ്ചിമ ബംഗാള്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നോ പാര്‍ട്ടി നേതാവും മുഖ്യമന്ത്രിയുമായ മമത ബാനര്‍ജിയില്‍ നിന്നോ നടപടികള്‍ ഒന്നും ഇല്ലാത്ത പശ്ചാത്തലത്തിലാണ് കേന്ദ്ര ഇടപെടല്‍. പാലിനെതിരെ പാര്‍ലിമെന്റില്‍ അവകാശ ലംഘന പ്രമേയം കൊണ്ടുവരുമെന്ന് സി.പി.ഐ.എം നേതാവ് സീതാറാം യെച്ചൂരി പ്രതികരിച്ചിരുന്നു. പാലിനെതിരെ ക്രിമിനല്‍ നടപടികള്‍ സ്വീകരിക്കണമെന്ന് ദേശീയ വനിതാ കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പാലിനെ പാര്‍ലിമെന്റംഗത്വം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതിയ്ക്കും പ്രധാനമന്ത്രിയ്കും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയ്ക്കും കത്തയക്കുമെന്നും കമ്മീഷന്‍ അധ്യക്ഷ മമത ശര്‍മ അറിയിച്ചു.    

 

അതേസമയം, പാലിന് വേണ്ടി ഭാര്യ നന്ദിനി പാല്‍ ക്ഷമാപണം നടത്തി. ബലാല്‍സംഗം എന്ന വാക്ക് തപസ് ഉപയോഗിക്കാന്‍ പാടില്ലാത്തതായിരുന്നുവെന്ന് അവര്‍ പറഞ്ഞു. എന്നാല്‍, എം.പി ഇതുവരേയും സംഭവത്തില്‍ പ്രതികരിച്ചിട്ടില്ല. തൃണമൂല്‍ കോണ്‍ഗ്രസ് പാലില്‍ നിന്ന്‍ വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.

 

മെയില്‍ നടന്ന സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ തിങ്കളാഴ്ചയാണ് ഒരു ബംഗാളി ടെലിവിഷന്‍ ചാനല്‍ പ്രക്ഷേപണം ചെയ്തത്.