പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ എം.കെ നാരായണന്‍ രാജിവെച്ചു

Mon, 30-06-2014 03:59:00 PM ;
കോല്‍ക്കത്ത

വി.വി.ഐ.പി ഹെലിക്കോപ്റ്റര്‍ അഴിമതിക്കേസില്‍ സാക്ഷിയായി സി.ബി.ഐ ചോദ്യം ചെയ്തതിന് പിന്നാലെ പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ എം.കെ നാരായണന്‍ തിങ്കളാഴ്ച സ്ഥാനം രാജിവെച്ചു. വെള്ളിയാഴ്ചയാണ് മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവായ (എന്‍.എസ്.എ) നാരായണനെ സി.ബി.ഐ ചോദ്യം ചെയ്തത്. ആദ്യമായാണ് ഒരു ഗവര്‍ണര്‍ അന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്യപ്പെടുന്നത്.

 

വി.വി.ഐ.പികള്‍ക്ക് സഞ്ചരിക്കാന്‍ ആംഗ്ലോ-ഇറ്റാലിയന്‍ കമ്പനിയായ അഗസ്തവെസ്റ്റ്‌ലാന്‍ഡില്‍ നിന്ന്‍ ഹേലിക്കോപ്റ്ററുകള്‍ വാങ്ങാനുള്ള 3600 കോടി രൂപയുടെ ഇടപാടില്‍ അന്നത്തെ വ്യോമസേനാ മേധാവി ഉള്‍പ്പെടെയുള്ളവര്‍ കോഴ വാങ്ങിയെന്ന കേസിലാണ് സി.ബി.ഐയുടെ നടപടി. സി.ബി.ഐ ഉദ്യോഗസ്ഥര്‍ക്ക് മുന്‍പാകെ ഹാജരായി മൊഴി രേഖപ്പെടുത്താന്‍ 80-കാരനായ നാരായണനോട്‌   ഏജന്‍സി ആവശ്യപ്പെട്ടിട്ടുണ്ട്.

 

ഇംഗ്ലീഷ് കമ്പനിയായ അഗസ്തവെസ്റ്റ്‌ലാന്‍ഡിന്റെ ഇറ്റാലിയന്‍ ഉപകമ്പനിയായ ഫിന്‍മെക്കാനിക്കയ്ക്ക് ലേലപ്രക്രിയയില്‍ പങ്കെടുക്കാന്‍ സാധിക്കുന്ന തരത്തില്‍ നിബന്ധനകള്‍ മാറ്റിയ യോഗത്തില്‍ എന്‍.എസ്.എ എന്ന നിലയില്‍ നാരായണന്‍ പങ്കെടുത്തിരുന്നു. ഇതേ യോഗത്തില്‍ പങ്കെടുത്ത വി.വി.ഐ.പികളുടെ സുരക്ഷാ ചുമതലയുള്ള സ്പെഷല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പിന്റെ അന്നത്തെ തലവനും ഇപ്പോള്‍ ഗോവ ഗവര്‍ണറുമായ ബി.വി വാഞ്ചൂവിനേയും സി.ബി.ഐ അടുത്തുതന്നെ ചോദ്യം ചെയ്തേക്കും.

 

എന്‍.ഡി.എ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം യു.പി.എ സര്‍ക്കാര്‍ നിയമിച്ച ഏതാനും ഗവര്‍ണര്‍മാരോട് സ്ഥാനമൊഴിയാന്‍ അനൌദ്യോഗികമായി ആവശ്യപ്പെട്ടിരുന്നു. ഇതില്‍ ഉള്‍പ്പെടുന്നവരാണ് നാരായണനും വാഞ്ചൂവും. ഈ പട്ടികയിലുള്ള കേരള ഗവര്‍ണര്‍ ഷീല ദീക്ഷിതും സി.ബി.ഐ അന്വേഷണത്തിന്റെ മുന്നില്‍ വന്നേക്കും. സി.ബി.ഐ അന്വേഷിക്കുന്ന ഡല്‍ഹി ജല ബോര്‍ഡിലെ അഴിമതിക്കേസില്‍ ദീക്ഷിതിനെ പ്രതി ചേര്‍ക്കാന്‍ സാധ്യതയുണ്ട്. അഴിമതി നടന്നതായി ആരോപിക്കപ്പെടുന്ന സമയത്ത് ഡല്‍ഹി മുഖ്യമന്ത്രി എന്ന നിലയില്‍ ജല ബോര്‍ഡിന്റെ ചെയര്‍പേഴ്സണ്‍ ആയിരുന്നു ദീക്ഷിത്.

Tags: