ന്യൂഡല്‍ഹിയില്‍ നിന്ന് അസ്സമിലേക്കുള്ള രാജധാനി എക്സ്പ്രസ് ബീഹാറില്‍ വെച്ച് പാളം തെറ്റി. നാല് പേരെങ്കിലും കൊല്ലപ്പെട്ടതായാണ് ആദ്യ റിപ്പോര്‍ട്ടുകള്‍. സ്ഫോടനത്തെ തുടര്‍ന്നാണ് വണ്ടി പാളം തെറ്റിയതെന്നാണ് കരുതുന്നത്. അപകടം നടന്നതിന് സമീപത്ത് റെയില്‍ പാളത്തില്‍ നിന്ന് മൂന്ന് ടൈം ബോംബുകള്‍ കണ്ടെടുത്തതായി അധികൃതര്‍ അറിയിച്ചു. മാവോയിസ്റ്റ് സംഘടനാ പ്രവര്‍ത്തകരുടെ അട്ടിമറിയാണെന്ന സംശയമാണ് അധികൃതര്‍ ഉന്നയിക്കുന്നത്.
ന്യൂഡല്‍ഹിയില്‍ നിന്ന് അസ്സമിലെ ദിബ്രുഗഡിലേക്കുള്ള രാജധാനി എക്സ്പ്രസ് ബീഹാറിലെ ചപ്ര റെയില്‍വേ സ്റ്റേഷന് സമീപം ബുധനാഴ്ച പുലര്‍ച്ച രണ്ടിനാണ് പാളം തെറ്റിയത്. 12 ബോഗികളാണ് പാളത്തില്‍ നിന്ന് മറിഞ്ഞത്. പാളത്തില്‍ നടന്ന സ്ഫോടനമാണ് കാരണമെന്നും അട്ടിമറിയാണെന്ന് പ്രഥമദൃഷ്ട്യാ കണക്കാക്കാമെന്നും റെയില്‍വേ ബോര്‍ഡ് ചെയര്മാന് അരുണേന്ദ്ര കുമാര്‍ വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐയോട് പ്രതികരിച്ചു.
അതേസമയം, അപകടകാരണം സ്ഫോടനമെന്ന് സ്ഥിരീകരിക്കാന്‍ റെയില്‍വേ മന്ത്രി ഡി. വി സദാനന്ദ ഗൌഡ തയ്യാറായില്ല. ഇതുസംബന്ധിച്ച വ്യക്തമായ വിവരം ലഭിച്ചിട്ടില്ലെന്ന് അറിയിച്ച മന്ത്രി എന്നാല്‍, പ്രദേശത്ത് മാവോയിസ്റ്റുകള്‍ ബന്ദിന് ആഹ്വാനം ചെയ്തിട്ടുള്ള കാര്യം ചൂണ്ടിക്കാട്ടി. സുരക്ഷാ സേനകള്‍ക്കെതിരെ പ്രതിഷേധിക്കാനാണ് മാവോയിസ്റ്റുകള്‍ സമരത്തിന് ആഹ്വാനം നല്‍കിയത്. കിഴക്കന്‍ മേഖലാ റെയില്‍വേ സുരക്ഷാ കമ്മീഷണറെ സംഭവം അന്വേഷിക്കാന്‍ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് ഗൌഡ അറിയിച്ചു.
അതേസമയം, അപകടം സാങ്കേതിക തകരാര്‍ മൂലമാകാനും സാധ്യതയുണ്ടെന്ന് സരണ്‍ ജില്ലാ പോലീസ് സൂപ്രണ്ട് സുധീര്‍ കുമാര്‍ പറഞ്ഞു. സ്ഫോടനം നടന്നതിന്റെ തെളിവുകളോ സ്ഫോടകവസ്തുക്കളോ അപകട സ്ഥലത്ത് നിന്ന് കണ്ടുകിട്ടിയിട്ടില്ലെന്നും കുമാര്‍ അറിയിച്ചു.
എന്നാല്‍, അപകടം നടന്നതിന്റെ 25 കിലോമീറ്റര്‍ അകലെ നിന്ന് മൂന്ന് ടൈം ബോംബുകള്‍ കണ്ടുകിട്ടിയിട്ടുണ്ട്.
മുന്‍ റെയില്‍വേ മന്ത്രിയും ബീഹാറില്‍ നിന്നുള്ള നേതാവുമായ ലാലു പ്രസാദ് യാദവ് സംഭവം റെയില്‍വേ അധികൃതരുടെ വീഴ്ചയെ തുടര്‍ന്നാണെന്ന് കുറ്റപ്പെടുത്തി. മാവോയിസ്റ്റുകളുടെ സാന്നിദ്ധ്യമുള്ള മേഖലയിലൂടെ യാത്രാവണ്ടികള്‍ പോകുമ്പോള്‍ ഒരു പൈലറ്റ് വണ്ടി ആദ്യം പോകണമെന്ന ചട്ടം റെയില്‍വേ പാലിച്ചില്ലെന്ന് ലാലു പ്രസാദ് ചൂണ്ടിക്കാട്ടി.