പരാജയത്തിന്റെ പേരില്‍ നേതൃമാറ്റം ഉണ്ടാവില്ല: പ്രകാശ് കാരാട്ട്

Mon, 09-06-2014 05:42:00 PM ;
ന്യൂഡല്‍ഹി

 

ലോക്‌സഭാ തെരഞ്ഞെടുപ്പ് പരാജയത്തിന്റെ പേരില്‍ നേതൃമാറ്റം ഉണ്ടാവില്ലെന്ന് ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. തിരഞ്ഞെടുപ്പില്‍ സി.പി.ഐ.എമ്മിന് ഏറ്റ കനത്ത തോല്‍വിയുടെ ഉത്തരവാദിത്തം പോളിറ്റ് ബ്യൂറോയും കേന്ദ്രകമ്മിറ്റിയും ഏറ്റെടുക്കുന്നുവെന്നും പ്രകാശ് കാരാട്ട് അറിയിച്ചു. പാര്‍ട്ടിയുടെ ശക്തി വര്‍ദ്ധിപ്പിക്കുന്നതിനും ജനകീയ അടിത്തറ ഉറപ്പിക്കുന്നതിലും പാര്‍ട്ടി പരാജയപ്പെട്ടതായി പ്രകാശ് കാരാട്ട് പറഞ്ഞു.

 

പാര്‍ട്ടിക്കുണ്ടായിരുന്ന ബഹുജന അടിത്തറ ഇടിഞ്ഞുവെന്നും അതിനാല്‍ പാര്‍ട്ടിയുടെ രാഷ്ട്രീയനയം പുനഃപ്പരിശോധിക്കേണ്ട സമയമായിരിക്കുന്നുവെന്നും ഇനി ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങുമെന്നും പ്രശ്‌നങ്ങളില്‍ സജീവമായി പങ്കെടുക്കുമെന്നും പ്രകാശ് കാരാട്ട് പറഞ്ഞു. കേരളത്തില്‍ സി.പി.ഐ.എമ്മിന് നിലമെച്ചപ്പെടുത്താന്‍ കഴിഞ്ഞെങ്കിലും വേണ്ടത്ര വിജയം നേടാനായില്ലെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പിയുടെ വളര്‍ച്ച കുറച്ച് കണ്ടതാണ് തിരിച്ചടിയായതെന്നും രാജ്യത്ത് വര്‍ഗീയ ചേരിതിരിവിന് ശ്രമം നടക്കുന്നതായും അദ്ദേഹം പറഞ്ഞു

Tags: