കൊഹിമ
നാഗാലാന്‍ഡ് മുഖ്യമന്ത്രിയായി നാഗാ ജനകീയ മുന്നണി (എന്‍.പി.എഫ്) നേതാവ് ടി.ആര് സെലിയാങ്ങ് ശനിയാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. മുഖ്യമന്ത്രിയായിരുന്ന നെയ്ഫിയോ റിയോ ലോകസഭയിലേക്ക് തെരഞ്ഞെടുപ്പക്കപ്പെട്ടതിനെ തുടര്‍ന്ന് രാജിവെച്ച ഒഴിവിലാണ് 62-കാരനായ സെലിയാങ്ങ് അധികാരമേറ്റത്.
രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ സെലിയാങ്ങിനൊപ്പം മന്ത്രിസഭയിലെ 11 അംഗങ്ങള്‍ക്കും ഗവര്‍ണര്‍ അശ്വനി കുമാര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. 2013 മാര്‍ച്ചിലാണ് എന്‍.പി.എഫ് നേതൃത്വത്തിലുള്ള നാഗാലാന്‍ഡ് ജനാധിപത്യ സഖ്യം സര്‍ക്കാര്‍ അധികാരത്തില്‍ വന്നത്.
നിയുക്ത പ്രധാനമന്ത്രി നരേന്ദ്ര മോഡി സെലിയാങ്ങിനെ തന്റെ ട്വിറ്റര്‍ അക്കൌണ്ടിലൂടെ അഭിനന്ദിച്ചു. ബി.ജെ.പി നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സഖ്യത്തിന്റെ ഭാഗമാണ് എന്‍.പി.എഫ്.