മുംബൈ സ്ഫോടന പരമ്പര കേസില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട യാക്കൂബ് മേമന്‍റെ ദയാഹര്‍ജി രാഷ്ട്രപതി പ്രണബ് മുഖര്‍ജി തള്ളി. ഹര്‍ജി തള്ളിയ വിവരം രാഷ്ട്രപതിയുടെ ഓഫീസ് മഹാരാഷ്ട്ര സര്‍ക്കാറിനെ അറിയിച്ചു. ബോംബ് സ്ഫോടനങ്ങള്‍ക്ക് ഗൂഡാലോചന നടത്തുകയും പണമിറക്കുകയും ചെയ്തു എന്നതാണ് യാക്കൂബിന്‍റെ പേരിലുള്ള കേസ്.
നാഗ്പൂരിലെ ജയിലില്‍ കഴിയുന്ന മേമന്റെ വധശിക്ഷ നടപ്പിലാക്കുന്നത് സംബന്ധിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍ ഉടന്‍ തീരുമാനമെടുക്കും. സ്ഫോടന കേസില്‍ പ്രതികളായ 10 പേരുടെ വധശിക്ഷ കഴിഞ്ഞ വര്‍ഷം ആജീവനാന്ത ജീവപര്യന്തമായി കുറച്ചെങ്കിലും യാക്കൂബ് മേമന്റെ വധശിക്ഷ സുപ്രീം കോടതി ശരിവച്ചിരുന്നു.
മുംബൈ സ്ഫോടന പരമ്പരയുടെ സൂത്രധാരനെന്ന് കരുതുന്ന ടൈഗര്‍ മേമന്‍റെ സഹോദരനാണ് ചാര്‍ട്ടേഡ് അക്കൗണ്ടന്റായ യാക്കൂബ് 2007-ല്‍ ടാഡ കോടതിയാണ് യാക്കൂബിന് വധശിക്ഷ വിധിച്ചത്. ഇതിനെതിരെ നല്‍കിയ അപ്പീല്‍ കഴിഞ്ഞവര്‍ഷം സുപ്രീം കോടതി തള്ളിയതിനെ തുടര്‍ന്നായിരുന്നു യാക്കൂബ് മേമന്‍ ദയാഹര്‍ജി നല്‍കിയത്. 1993-ലെ മുംബൈ സ്ഫോടന പരമ്പരയില്‍ 257 പേര്‍ കൊല്ലപ്പെട്ടിരുന്നു.