ഡല്‍ഹി നിയമസഭ: എ.എ.പിയെ വീണ്ടും പിന്തുണക്കില്ലെന്ന് കോണ്‍ഗ്രസ്

Sun, 18-05-2014 03:12:00 PM ;
ന്യൂഡല്‍ഹി

arvind kejriwalഡല്‍ഹിയില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് ആം ആദ്മി പാര്‍ട്ടി (എ.എ.പി)യ്ക്ക് വീണ്ടും പിന്തുണ നല്‍കില്ലെന്ന് കോണ്‍ഗ്രസ് ഡല്‍ഹി ഘടകം. നിയമസഭ പിരിച്ചുവിട്ട് തെരഞ്ഞെടുപ്പ് നടത്തുന്നതാണ് പാര്‍ട്ടി അഭികാമ്യമായി കരുതുന്നതെന്ന് കോണ്‍ഗ്രസ് വക്താവ് മുകേഷ് ശര്‍മ പറഞ്ഞു. കോണ്‍ഗ്രസ് പിന്തുണയോടെ വീണ്ടും ഡല്‍ഹിയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഒരു വിഭാഗം എ.എ.പി എം.എല്‍.എമാര്‍ ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

 

നിയമസഭ പിരിച്ചുവിട്ട് തെരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ച ശേഷം വീണ്ടും സര്‍ക്കാര്‍ രൂപീകരണത്തെ കുറിച്ച് സംസാരിക്കാന്‍ എ.എ.പിയ്ക്ക് ധാര്‍മിക അവകാശമില്ലെന്ന് ശര്‍മ പറഞ്ഞു.  

 

വീണ്ടും തെരഞ്ഞെടുപ്പ് നേരിടുന്നതിന് തങ്ങള്‍ തയ്യാറാണെന്ന് ബി.ജെ.പി നേതാവ് ഹര്‍ഷ വര്‍ഷധനും പ്രസ്താവിച്ചിട്ടുണ്ട്. ലോകസഭാ തെരഞ്ഞെടുപ്പില്‍ ഏഴു സീറ്റിലും വിജയിച്ച ബി.ജെ.പി ഡല്‍ഹി നിയമസഭയിലെ 70 മണ്ഡലങ്ങളില്‍ 60-ലും മുന്നിലെത്തിയിരുന്നു.

 

ഏഴു സീറ്റിലും എ.എ.പി രണ്ടാം സ്ഥാനത്തായ ലോകസഭാ തെരഞ്ഞെടുപ്പ് ഫലം വിലയിരുത്താന്‍ ശനിയാഴ്ച ചേര്‍ന്ന യോഗത്തിലാണ് വീണ്ടും മന്ത്രിസഭാ രൂപീകരിക്കണമെന്ന നിര്‍ദ്ദേശം എ.എ.പി എം.എല്‍.എമാരില്‍ നിന്ന്‍ ഉയര്‍ന്ന് വന്നത്. മന്ത്രിസഭയുടെ രാജി ഒരു വിഭാഗം വോട്ടര്‍മാരെ പാര്‍ട്ടിയില്‍ നിന്ന്‍ അകറ്റിയിരിക്കാമെന്ന് പാര്‍ട്ടി നേതാവ് അരവിന്ദ്‌ കേജ്രിവാള്‍ പ്രസ്താവിച്ചിരുന്നു.

 

2013 ഡിസംബറില്‍ നടന്ന ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ 28 എം.എല്‍.എമാരുള്ള എ.എ.പി എട്ടംഗങ്ങളുള്ള കോണ്‍ഗ്രസിന്റെ പിന്തുണയോടെയാണ് സര്‍ക്കാര്‍ രൂപീകരിച്ചിരുന്നത്. എന്നാല്‍, ഡല്‍ഹി ലോക്പാല്‍ ബില്‍ പാസാക്കുന്നതിനെ കോണ്‍ഗ്രസ് പിന്തുണക്കാഞ്ഞതോടെ 49-ാം ദിവസം മുഖ്യമന്ത്രിയായിരുന്ന കേജ്രിവാള്‍ രാജി സമര്‍പ്പിക്കുകയായിരുന്നു.  

Tags: