Skip to main content
ന്യൂഡല്‍ഹി

 

ഇസ്രത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ ഗുജറാത്ത് മുന്‍ ആഭ്യന്തര മന്ത്രിയും ബി.ജെ.പി നേതാവുമായ അമിത് ഷായ്‌ക്കെതിരെ തെളിവില്ലെന്ന് സി.ബി.ഐ പ്രത്യേക കോടതിയെ അറിയിച്ചു. ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയുടെ വിശ്വസ്തനായ അമിത്ഷായുടെ അറിവോടെയാണ് ഏറ്റുമുട്ടല്‍ നടന്നതെന്നായിരുന്നു ആരോപണം ഉണ്ടായത്. ഏറ്റുമുട്ടലില്‍ പ്രതിയായി അറസ്റ്റിലായ ഡി.ഐ.ജി വന്‍സാരയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

 

അമിത് ഷായെ കേസില്‍ പ്രതിചേര്‍ക്കണമെന്നാവശ്യപ്പെട്ട് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട പ്രാണേഷ് പിള്ളയുടെ അച്ഛന്‍ ഗോപിനാഥന്‍ പിള്ള കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. എന്നാൽ ഇന്ത്യൻ നിയമ പ്രകാരം കേസിൽ വ്യക്തമായ തെളിവ് ഇല്ലാത്തതിനാൽ യാതൊരു നിയമനടപടിയും സ്വീകരിക്കാൻ കഴിയില്ല. ഗുജറാത്ത് പോലീസിന്റെ വ്യാജ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഇസ്രത്ത് ജഹാന്‍ നിരപരാധിയാണെന്ന് നേരത്തെ സി.ബി.ഐ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

 

2004 ജൂണ്‍ 16-നാണ് ഗുജറാത്ത് പോലീസ് ഇസ്രത്തിനെയും മറ്റ് മൂന്ന് പേരെയും വ്യാജ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയത്. നരേന്ദ്ര മോഡിയെ വധിക്കാനെത്തിയ ഭീകരരെന്ന് വിശേഷിപ്പിച്ചായിരുന്നു ഏറ്റുമുട്ടല്‍. എന്നാല്‍ അന്വേഷണത്തില്‍ ഇവര്‍ക്ക് ഭീകരബന്ധം കണ്ടെത്താനായില്ലെന്ന് സി.ബി.ഐ അറിയിച്ചു. ഏറ്റുമുട്ടല്‍ ഗുജറാത്ത് പോലീസും ഇന്റലിജന്റ്‌സ് ബ്യൂറോയും ചേര്‍ന്ന് നടത്തിയ ഓപ്പറേഷനാണെന്ന് തെളിയുകയായിരുന്നു. ഇന്റലിജന്റ്‌ ബ്യൂറോയുമായി ബന്ധപ്പെട്ട നാല്‌ ഓഫീസര്‍മാര്‍ ഉള്‍പ്പെടെ 11 പോലീസുകാര്‍ കേസില്‍ ഉള്‍പ്പെട്ടിട്ടുള്ളതായി സി.ബി.ഐ റിപ്പോര്‍ട്ടില്‍ പറയുന്നു.

Tags