ലോകസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തെ ഏതാനും ഉദ്യോഗസ്ഥര്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശിച്ച സ്ഥലംമാറ്റം പാലിക്കില്ലെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. പക്ഷപാതപരമായി പെരുമാറുന്നു എന്ന പ്രതിപക്ഷ കക്ഷികളുടെ പരാതിയെ തുടര്‍ന്നാണ് അഞ്ച് പോലീസ് സൂപ്രണ്ടുമാരും ഒരു ജില്ലാ മജിസ്ട്രേട്ടും അടക്കം എട്ട് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റാന്‍ തിങ്കളാഴ്ച കമ്മീഷന്‍ നിര്‍ദ്ദേശിച്ചത്.
എന്നാല്‍, സംസ്ഥാന സര്‍ക്കാറിനോട് ആലോചിക്കാതെ എങ്ങനെ തെരഞ്ഞെടുപ്പ് കമ്മീഷന് പുതിയ ഉദ്യോഗസ്ഥരെ നിയമിക്കാനാകും എന്ന്‍ ചോദിച്ച മമത താന്‍ അധികാരത്തിലിരിക്കുന്നിടത്തോളം ഉദ്യോഗസ്ഥരെ നീക്കില്ലെന്ന് കമ്മീഷനെ വെല്ലുവിളിച്ചു. കോണ്‍ഗ്രസിനേയും ബി.ജെ.പിയേയും വിജയിപ്പിക്കാനാണ് കമ്മീഷന് ശ്രമിക്കുന്നതെന്നും മമത ആരോപിച്ചു.
അതേസമയം, നിര്‍ദ്ദേശം പാലിച്ചില്ലെങ്കില്‍ അതത് ജില്ലകളിലെ തെരഞ്ഞെടുപ്പ് നിര്‍ത്തിവെക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ടെലിവിഷന്‍ ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
മാതൃകാ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നുകഴിഞ്ഞാല്‍ തെരഞ്ഞെടുപ്പ് ജോലിയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ പുനര്‍വിന്യസിക്കാനുള്ള അധികാരം ഭരണഘടനാ സ്ഥാപനമായ തെരഞ്ഞെടുപ്പ് കമ്മീഷനുണ്ട്. സ്ഥലംമാറ്റം ഇന്ന്‍ നടപ്പാക്കണമെന്നാണ് സംസ്ഥാന ചീഫ് സെക്രട്ടറിയ്ക്ക് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.