Skip to main content
കൊച്ചി

waquas ahammed

 

അറസ്റ്റിലായ ഇന്ത്യന്‍ മുജാഹിദ്ദിന്‍ ഭീകരരായ വഖാസ് അഹമ്മദിനെയും തഹ്‌സീന്‍ അക്തറിനേയും തെളിവെടുപ്പിനായി ഡല്‍ഹി പോലീസ് മൂന്നാറിലെത്തിച്ചു. മൂന്നാര്‍ ന്യു കോളനിയില്‍ വഖാസ് താമസിച്ച കോട്ടേജിലെത്തിച്ചായിരിക്കും തെളിവെടുപ്പ് നടത്തുക. മൂന്ന് മാസത്തോളം വഖാസും, തഹ്‌സിന്‍ അക്തറും മൂന്നാറിലുണ്ടായിരുന്നുവെന്നാണ് പോലീസിന്റെ നിഗമനം. വൈകിട്ടോടെ തെളിവെടുപ്പ് പൂര്‍ത്തിയാക്കി സംഘം ഡല്‍ഹിക്ക് തിരിയ്ക്കും.

 

 

മംഗലാപുരത്ത് നിന്നും പ്രത്യേക വിമാനത്തില്‍ ശനിയാഴ്ച രാവിലെയാണ് വഖാസ് അഹമ്മദിനെയും തഹ്‌സീന്‍ അക്തറിനേയും കൊച്ചിയിലെത്തിയത്. നേരത്തെ വഖാസ് അഹമ്മദിനെ മാത്രമാണ് കേരളത്തിലേക്ക് കൊണ്ട് വരും എന്ന് പോലീസ് അറിയിച്ചിരുന്നത്. സുരക്ഷാ ചുതലകള്‍ക്കായി ഡി.വൈ.എസ്.പിയുടെ നേത്യത്വത്തില്‍ പോലീസിനെ ചുമതലപ്പെടുത്തി. വഖാസിനും കൂട്ടാളികള്‍ക്കും മൂന്നാറില്‍ കഴിയാന്‍ സഹായിച്ചവരെയും മറ്റും കണ്ടെത്തുന്നതിനായാണ് തെളിവെടുപ്പ്.

 

 

നബീല്‍ അഹമ്മദ് എന്ന പേരിലാണ് വഖാസ് മൂന്നാറില്‍ താമസിച്ചത്. ഇന്ത്യന്‍ മുജാഹിദീന്‍ സ്ഥാപകരില്‍ ഒരാളായ റിയാസ് ബട്ക്കലിന്റെ നിര്‍ദേശ പ്രകാരം തഹ്‌സീന്‍ അക്തറും സെപ്റ്റംബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള ഒരാഴ്ചക്കാലം വഖാസിനൊപ്പം മൂന്നാറില്‍ തങ്ങിയതായി ഐ.ബിക്ക് വിവരം ലഭിച്ചിട്ടുണ്ട്. ദക്ഷിണേന്ത്യയിലും രാജസ്ഥാനിലും ഇന്ത്യന്‍ മുജാഹിദീന്റെ പ്രവര്‍ത്തനം വ്യാപിപ്പിക്കാനായിരുന്നു പദ്ധതിയിട്ടിരുന്നത്. വഖാസിന് മൂന്നാറില്‍ താമസ സൗകര്യമൊരുക്കിയ ജമീലുല്‍ ഷഫീഖുല്‍ എന്നയാള്‍ ഒളിവിലാണ്.

 

 

കഴിഞ്ഞ ആഴ്ച്ചയാണ് തെരഞ്ഞെടുപ്പിനിടെ രാജ്യത്ത് ആക്രമണം നടത്താന്‍ പദ്ധതിയിട്ട പാക് ഭീകരന്‍ വഖാസ് ഉള്‍പ്പെടെ നാല് ഇന്ത്യന്‍ മുജാഹിദീന്‍ തീവ്രവാദികളെ പോലീസ് രാജസ്ഥാനില്‍ നിന്ന് അറസ്റ്റുചെയ്ത്. തുടര്‍ന്ന് ഇവരെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ മൂജാഹിദീന്‍ തലവന്‍ 23-കാരനായ തഹ്‌സീന്‍ അക്തറിനെ പൊലീസിന്റെ പ്രത്യേക സെല്‍ അറസ്റ്റ് ചെയ്യുകയായിരുന്നു.