ബീഹാര്‍: നിതീഷ് എം.എല്‍.എമാരെ തട്ടിയെടുക്കാന്‍ ശ്രമിക്കുന്നുവെന്ന് ലാലു

Tue, 25-02-2014 11:27:00 AM ;
പാറ്റ്ന

lalu prasad yadavപാര്‍ട്ടി പിളര്‍പ്പിലേക്ക് നീങ്ങുന്നുവെന്ന സൂചനകളുടെ പശ്ചാത്തലത്തില്‍ രാഷ്ട്രീയ ജനതാദള്‍ (ആര്‍.ജെ.ഡി) ഇന്ന്‍ (ചൊവ്വാഴ്ച) അടിയന്തര യോഗം ചേര്‍ന്നു. ആര്‍.ജെ.ഡി വിട്ടതായി സ്പീക്കര്‍ക്ക് ഇന്നലെ കത്ത് നല്‍കിയ 13 പാര്‍ട്ടി എം.എല്‍.എമാരില്‍ ആറു പേര്‍ മണിക്കൂറുകള്‍ക്കകം നിലപാട് മാറ്റി. ഇവരടാക്കം ഒന്‍പത് പേരെ പിന്നീട് ലാലു പ്രസാദ് സ്പീക്കര്‍ക്ക് മുന്നില്‍ ഹാജരാക്കി. മറ്റ് നാല് പേര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് പാര്‍ട്ടി നല്‍കിയിട്ടുണ്ട്.

 

മുഖ്യമന്ത്രി നിതീഷ് കുമാര്‍ എം.എല്‍.എമാരെ തട്ടിയെടുക്കാന്‍ ശ്രമിക്കുന്നതായി ആര്‍.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവ് ആരോപിച്ചു. ജനതാദള്‍ (യു) തങ്ങളുടെ പാര്‍ട്ടിയെ പിളര്‍ത്താന്‍ ശ്രമിക്കുകയാണെന്ന് ആര്‍.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവ് കുറ്റപ്പെടുത്തി. യു.എസിലെ വാട്ടര്‍ഗേറ്റ് സംഭവത്തിന്‌ സമാനമായ പ്രവൃത്തിയാണ് മുഖ്യമന്ത്രി നിതീഷ് കുമാര്‍ ചെയ്തിരിക്കുന്നതെന്നും ലാലു ആരോപിച്ചു.

 

താനും മറ്റ് 12 എം.എല്‍.എമാരും ആര്‍.ജെ.ഡി വിട്ടതായി സ്പീക്കര്‍ക്ക് കത്ത് നല്‍കിയെന്ന്‍ ആര്‍.ജെ.ഡി അംഗം ജാവേദ് അന്‍സാരി അറിയിച്ചിരുന്നു. ഇവരെ പ്രത്യേക ഗ്രൂപ്പായി സ്പീക്കര്‍ അംഗീകരിച്ചതിന് പിന്നാലെയാണ് ഇവരില്‍ ആറു പേര്‍ ആര്‍.ജെ.ഡി ഓഫീസില്‍ എത്തിയതും തങ്ങളുടെ ഒപ്പ് വ്യാജമായി ഇട്ടതാണെന്നും ആരോപിച്ചത്. പാര്‍ട്ടിയില്‍ പിളര്‍പ്പുണ്ടെന്ന റിപ്പോര്‍ട്ടുകളും ആര്‍.ജെ.ഡി നേതാക്കള്‍ നിഷേധിച്ചു.

Tags: