Skip to main content
മുംബൈ

Sanjay dutt1993-ലെ മുംബൈ സ്‌ഫോടനക്കേസില്‍ ആറ് വര്‍ഷം തടവ് ശിക്ഷയ്ക്ക് വിധിക്കപ്പെട്ട നടന്‍ സഞ്ജയ് ദത്തിന് പരോള്‍ കാലാവധി നീട്ടിനല്‍കിയ സംസ്ഥാന സര്‍ക്കാര്‍ നടപടിയെ ചോദ്യം ചെയ്ത് ബോംബെ ഹൈക്കോടതി. വിവേചനാധികാരം സര്‍ക്കാര്‍ ശരിയായ വിധത്തില്‍ നിര്‍വ്വഹിക്കണമെന്ന് പറഞ്ഞ കോടതി കുറ്റവാളി സാധാരണ പൗരനായിരുന്നുവെങ്കില്‍ സര്‍ക്കാര്‍ പരോള്‍ കാലാവധി നീട്ടി നല്‍കില്ലായിരുന്നുവെന്നും നിരീക്ഷിച്ചു.

 

സഞ്ജയ് ദത്തിനു തുടര്‍ച്ചയായി പരോള്‍ നല്‍കുന്നതിനെക്കുറിച്ചു പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ വിശദീകരണം നല്‍കാന്‍ മഹാരാഷ്ട്ര സര്‍ക്കാരിനോടു കേന്ദ്രം ആവശ്യപ്പെട്ടിരുന്നു. 1993-ലെ മുംബൈ സ്‌ഫോടനക്കേസില്‍ ആറ് വര്‍ഷം തടവ് ശിക്ഷയ്ക്ക് വിധിക്കപ്പെട്ട സഞ്ജയ് ദത്തിന് ഒമ്പത് മാസത്തിനുള്ളില്‍ മൂന്നു പരോളുകളാണ് ലഭിച്ചത്.

 

അനധികൃതമായി ആയുധങ്ങള്‍ കൈവശം വെച്ചതിനാണ് സുപ്രീം കോടതി സഞ്ജയ് ദത്തിനെ ആറ് വര്‍ഷം തടവ് ശിക്ഷയ്ക്ക് വിധിച്ചത്. ഡിസംബര്‍ 21-ന് പരോളിലിറങ്ങിയ സഞ്ജയ് ദത്ത് ഫെബ്രുവരി 21-ന് പൂനെയിലെ യെര്‍വാഡ ജയിലില്‍ തിരിച്ചെത്തേണ്ടതായിരുന്നു. എന്നാല്‍ ഭാര്യയ്ക്ക് സുഖമില്ലാത്തതിനാല്‍ കൂടെയുണ്ടാകണമെന്ന സഞ്ജയ് ദത്തിന്റെ അപേക്ഷ മാനിച്ച് മാര്‍ച്ച് 21 വരെ സഞ്ജയ് ദത്തിന് പരോള്‍ നീട്ടി നല്‍കിയെന്നാണ് റിപ്പോര്‍ട്ട്.

 

ഈ സാഹചര്യത്തിലാണു കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തോടു വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്. എന്തുകൊണ്ടാണ് സഞ്ജയ് ദത്തിന് പ്രത്യേക പരിഗണന നല്‍കുന്നതെന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം മഹാരാഷ്ട്ര സംസ്ഥാന സര്‍ക്കാരിന് കത്തയച്ചു.

Tags