ബീഹാറില്‍ രാഷ്ട്രീയ ജനതാദളിലെ (ആര്‍.ജെ.ഡി) 13 എം.എല്‍.എമാര്‍ തിങ്കളാഴ്ച സ്പീക്കര്‍ക്ക് രാജിക്കത്ത് നല്‍കി. നിതീഷ് കുമാര്‍ സര്‍ക്കാറിന് പിന്തുണയും ഇവര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. പുതിയ പാര്‍ട്ടിയുണ്ടാക്കി മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജനതാദളു (യു)മായി സഖ്യത്തില്‍ ഏര്‍പ്പെടാനാണ് എം.എല്‍.എമാരുടെ നീക്കമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
പാര്‍ട്ടിയുടെ തുടര്‍ച്ചയായ തെരഞ്ഞെടുപ്പ് പരാജയങ്ങളും അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ടതും ആര്‍.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ നില പരുങ്ങലില്‍ ആക്കിയിരിക്കുന്ന സാഹചര്യത്തിലാണ് പാര്‍ട്ടിയിലെ ഈ നെടുകെയുള്ള പിളര്‍പ്പ്. നിയമസഭയില്‍ 22 അംഗങ്ങളാണ് പാര്‍ട്ടിക്ക് ഉണ്ടായിരുന്നത്. ആര്‍.ജെ.ഡിയെ ലാലു പ്രസാദ് കോണ്‍ഗ്രസിന്റെ ബി ടീം ആക്കിയതായി വിമത എം.എല്‍.എ സമ്രാട്ട് ചൗധരി ആരോപിച്ചു.
ലോകസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബീഹാറിലെ രാഷ്ട്രീയത്തില്‍ പുതിയ സമവാക്യങ്ങള്‍ രൂപം കൊള്ളുന്നതിന്റെ സൂചനകള്‍ വ്യക്തമായി തെളിഞ്ഞുവരികയാണ്. രാം വിലാസ് പാസ്വാന്‍ നേതൃത്വം കൊടുക്കുന്ന ലോക് ജനശക്തി പാര്‍ട്ടി (എല്‍.ജെ.പി) തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുമായി സഖ്യമുണ്ടാക്കുമെന്ന് എല്‍.ജെ.പി നേതാവ് സുരാജ്ഭാന്‍ സിങ്ങ് പറഞ്ഞിരുന്നു. എന്നാല്‍, ഇക്കാര്യത്തില്‍ അവസാന തീരുമാനമെടുത്തിട്ടില്ലെന്ന് പാര്‍ട്ടി പിന്നീട് വിശദീകരിച്ചു.