വര്‍ഷങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കും അനിശ്ചിതാവസ്ഥകള്‍ക്കുമൊടുവില്‍ തെലങ്കാന സംസ്ഥാനം രൂപീകരിക്കാന്‍ തീരുമാനമായി. ആന്ധ്രാപ്രദേശിലെ തെലങ്കാന പ്രദേശം പ്രത്യേക സംസ്ഥാനമാക്കാനുള്ള തീരുമാനത്തിനു കോണ്‍ഗ്രസ്സ് പ്രവര്‍ത്തക സമിതി ചൊവ്വാഴ്ച അംഗീകാരം നല്‍കി.
ഹൈദ്രാബാദിനെ രണ്ടു സംസ്ഥാനങ്ങളുടെയും സംയുക്ത തലസ്ഥാനമായി പത്ത് വര്‍ഷത്തേക്ക് നിലനിര്‍ത്തും. ബുധനാഴ്ച ചേരുന്ന കേന്ദ്രമന്ത്രിസഭാ യോഗത്തില്‍ തീരുമാനത്തിനു അംഗീകാരം നല്‍കും. രാജ്യത്തെ 29-ാമത് സംസ്ഥാനമായിരിക്കും തെലുങ്കാന. എന്നാല്‍ ആറുമാസത്തിനുള്ളില്‍ മാത്രമേ സംസ്ഥാനരൂപവത്കരണപ്രക്രിയ പൂര്‍ത്തിയാകൂ.
തെലങ്കാന മേഖലയില്‍ പെടുന്ന പത്ത് ജില്ലകള്‍ ഉള്‍പ്പെടുത്തിയാണ് സംസ്ഥാന രൂപീകരണം. ഇതില്‍ ഉള്‍പ്പെടാത്ത പ്രദേശം സീമാന്ധ്ര എന്ന പേരില്‍ തുടരും. ആന്ധ്രപ്രദേശിലെ 23 ജില്ലകളില്‍ പത്തെണ്ണം പുതിയ തെലുങ്കാന സംസ്ഥാനത്തിലായിരിക്കും.
ആന്ധ്രാപ്രദേശ് വിഭജിക്കണമെങ്കില്‍ സംസ്ഥാന നിയമസഭയുടെ അംഗീകാരം വേണം. അതുകൊണ്ടുതന്നെ കേന്ദ്രസര്‍ക്കാര്‍ ആന്ധ്രനിയമസഭയ്ക്ക് ശുപാര്‍ശ സമര്‍പ്പിക്കുന്നതിന്റെ അടിസ്ഥാനത്തില്‍ ബില്‍ തയ്യാറാക്കി പാര്‍ലമെന്റില്‍ അവതരിപ്പിക്കും. ബില്‍ രാഷ്ട്രപതി ഒപ്പിടുന്നതോടെ സംസ്ഥാന രൂപീകരണപ്രക്രിയ പൂര്‍ത്തിയാകും.
തെലുങ്കാന സംസ്ഥാനരൂപീകരണത്തെ ബി.ജെ.പി.യും സി.പി.ഐയും അനുകൂലിച്ചു. സി.പി.എം എതിര്‍ത്തു. അതേസമയം സംസ്ഥാന രൂപീകരണത്തില്‍ പ്രധിഷേധിച്ച് ആന്ധ്രപ്രദേശില്‍ ബുധനാഴ്ച ഐക്യ ആന്ധ്ര സംയുക്ത സമിതിയുടെ നേതൃത്വത്തില്‍ ബന്ദ് നടക്കും. കോണ്‍ഗ്രസ്സ് എം.പി റായ്പതി സാംബശിവ റാവു രാജി വച്ചു. രണ്ടു കോണ്‍ഗ്രസ്സ് എം.എല്‍.എമാരും രാജി വച്ചിട്ടുണ്ട്.