Skip to main content
കൊല്‍ക്കത്ത

മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവ് സമര്‍ മുഖര്‍ജി (100) വ്യാഴാഴ്ച പുലര്‍ച്ചെ കൊല്‍ക്കത്തയില്‍ അന്തരിച്ചു. സി.പി.ഐ.എം. മുന്‍ പൊളിറ്റ് ബ്യൂറോ അംഗമായിരുന്നു. കൊല്‍ക്കത്ത ദില്‍ഖുസ സ്ട്രീറ്റിലുള്ള പാര്‍ട്ടി കമ്യൂണില്‍ കഴിഞ്ഞിരുന്ന അദ്ദേഹത്തെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന്‍ ബുധനാഴ്ച ആശുപത്രിയില്‍ പ്രവേശിക്കുകയായിരുന്നു.

 

സമര്‍ മുഖര്‍ജിയുടെ നൂറാം ജന്‍മദിനാഘോഷം കഴിഞ്ഞവര്‍ഷം സി.പി.ഐ.എം പശ്ചിമ ബംഗാള്‍ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ചിരുന്നു. 100 ഇയേഴ്‌സ് ഓഫ് സമര്‍ മുഖര്‍ജി: എ ട്രിബ്യൂട്ട് എന്ന പുസ്തകവും ആഘോഷങ്ങളോടനുബന്ധിച്ച് പുറത്തിറക്കിയിരുന്നു. അവിവാഹിതനായ സമര്‍ മുഖര്‍ജിക്ക് സ്വകാര്യ സ്വത്ത് ഉണ്ടായിരുന്നില്ല. ഹൗറയിലുള്ള കുടുംബവീട് ഉപേക്ഷിച്ച മുഖര്‍ജി ലോക്‌സഭാംഗം എന്ന നിലയില്‍ കിട്ടിയ മുഴുവന്‍ പ്രതിഫലവും എല്ലാ മാസവും പാര്‍ട്ടിക്ക് നല്‍കുകയായിരുന്നു.

റഷ്യന്‍ വിപ്ലവത്തിനും മുന്‍പ് 1912 നവംബര്‍ ഏഴിന് ഹൗറയില്‍ ജനിച്ച സമര്‍ മുഖര്‍ജി ലോക കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രത്തിനൊപ്പം നടന്ന വ്യക്തിയാണ്. കോണ്‍ഗ്രസ് പ്രവര്‍ത്തകനായി പൊതുജീവിതം ആരംഭിച്ച അദ്ദേഹം 1940 കളിലാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കപ്പെടുന്നത്. 1971 മുതല്‍ 1984 വരെ മൂന്നുവട്ടം ഹൗറയില്‍ നിന്നുള്ള ലോക്സഭാംഗം ആയിരുന്നു.  നിലവില്‍ സി.പി.ഐ. എം. കേന്ദ്രകമ്മറ്റിയില്‍ പ്രത്യേക ക്ഷണിതാവാണ്. സി.പി.എം. കേന്ദ്ര കണ്‍ട്രോള്‍ കമ്മീഷന്‍ ചെയര്‍മാന്‍, സി.ഐ.ടി.യു. ജനറല്‍ സെക്രട്ടറി എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

 

സി.പി.ഐ.എം പശ്ചിമ ബംഗാള്‍ സംസ്ഥാന കമ്മിറ്റിയുടെ ആസ്ഥാനമായ അലിമുദ്ദീന്‍ സ്ട്രീറ്റിലെ മുസ്സാഫര്‍ ഭവനില്‍ പൊതുദര്‍ശനത്തിന് വെച്ച ശേഷം മൃതദേഹം കൊല്‍ക്കത്തയിലെ എന്‍.ആര്‍.എസ്. ആശുപത്രിയിലേക്ക് കൊണ്ടുപോകും. മൃതദേഹം ആശുപത്രിയിലേക്ക് നല്‍കണമെന്ന സമര്‍ മുഖര്‍ജിയുടെ ആവശ്യപ്രകാരമാണിത്. മറ്റ് സംസ്‌കാരചടങ്ങുകള്‍ ഉണ്ടാകില്ല.