Skip to main content
ന്യൂഡല്‍ഹി

കേന്ദ്ര സര്‍ക്കാരിന്റെ ഭക്ഷ്യ സുരക്ഷാ പദ്ധതി മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ജന്മ വാര്‍ഷിക ദിനമായ ഓഗസ്റ്റ് 20നു നടപ്പിലാക്കാന്‍ ശനിയാഴ്ച ചേര്‍ന്ന കോണ്‍ഗ്രസ്സ് നേതാക്കളുടെ യോഗത്തില്‍ തീരുമാനമായി.  കോണ്‍ഗ്രസ്സ് ഭരണമുള്ള സംസ്ഥാനങ്ങളില്‍ എത്രയും വേഗം ഭക്ഷ്യ സുരക്ഷാ പദ്ധതികള്‍ നടപ്പാക്കുകയെന്നുള്ളതാണ് ഇതിന്റെ ലക്‌ഷ്യം.

 

ഭക്ഷ്യ സുരക്ഷ നിയമം ഫലപ്രദമായി നടപ്പാക്കുന്നതിനു വേണ്ടി യു.പി.എ അധ്യക്ഷ സോണിയാ ഗാന്ധിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്, കോണ്‍ഗ്രസ്സ് വൈസ് പ്രസിഡന്‍്റ് രാഹുല്‍ഗാന്ധി, ഭക്ഷ്യമന്ത്രി കെ.വി. തോമസ് എ.ഐ.സി.സി ജനറല്‍ സെക്രട്ടറിമാര്‍, കോര്‍ ഗ്രൂപ്പ് അംഗങ്ങള്‍, കോണ്‍ഗ്രസ്സ് ഭരിക്കുന്ന 14 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

 2014 –ലെ പൊതു തിരഞ്ഞെടുപ്പിന് മുന്‍പ് ഭക്ഷ്യ സുരക്ഷ നിയമത്തിന്റെ ഗുണങ്ങള്‍ പൊതു ജനങ്ങളെ  ബോധ്യപ്പെടുത്തുക എന്നതാണ് ഇതിലൂടെ പാര്‍ട്ടി ലക്ഷ്യമിടുന്നത്. പദ്ധതിയനുസരിച്ച് രാജ്യത്തെ 67% ജനങ്ങള്‍ക്കും കിലോയ്ക്ക് മൂന്നു രൂപ നിരക്കില്‍ അരിയും രണ്ടു രൂപ നിരക്കില്‍ ഗോതമ്പും ഒരു രൂപ നിരക്കില്‍ മറ്റ് ധാന്യങ്ങളും ലഭ്യമാകും. 2014ലെ തെരഞ്ഞെടുപ്പില്‍ യു.പി.എയുടെ പ്രധാന പ്രചാരണ വിഷയവും ഇതായിരിക്കും.

 

ഭക്ഷ്യസുരക്ഷാ പദ്ധതിക്കെതിരെ പ്രതിപക്ഷം ശക്തമായി രംഗത്തെത്തിയ സാഹചര്യത്തിലാണ്  കോണ്‍ഗ്രസ് യോഗം വിളിച്ചത്. യു.പി.എ സഖ്യകക്ഷിയായ എന്‍.സി.പി, പ്രധാന പ്രതിപക്ഷമായ ബി.ജെ.പി, ഇടതു പാര്‍ട്ടികള്‍ എന്നിവര്‍ ഭക്ഷ്യ സുരക്ഷാ ബില്ലിനെതിരായിരുന്നു.