ജനുവരി 17ന് എ.എ.ഐ.സി.സി യോഗം,​ പ്രധാനമന്ത്രി സ്ഥാനാർത്ഥി പ്രഖ്യാപനം ചര്‍ച്ചയില്‍

Mon, 16-12-2013 04:52:00 PM ;
ന്യൂഡൽഹി

aicc officeഅടുത്ത ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായി അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റി (എ.ഐ.സി.സി) അടുത്ത ജനുവരി 17-ന് ഡെല്‍ഹിയില്‍ യോഗം ചേരുന്നു. നാലു സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് നേരിട്ട കനത്ത പരാജയവും യോഗത്തിൽ ചർച്ചയാകും. കോണ്‍ഗ്രസിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയേയും യോഗത്തില്‍ പ്രഖ്യാപിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

 

കഴിഞ്ഞ ജനുവരിയില്‍ ജയ്പൂരില്‍ സംഘടിപ്പിച്ച ചിന്തന്‍ ശിബിരത്തിന് ശേഷം എ.ഐ.സി.സി ചേരുമ്പോള്‍ രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കാന്‍ സാധ്യത ഏറെയാണെന്നാണ് നിരീക്ഷകര്‍ കണക്കാക്കുന്നത്. ചിന്തന്‍ ശിബിരത്തോട് അനുബന്ധിച്ച് എ.ഐ.സി.സിയിലാണ് രാഹുല്‍ ഗാന്ധിയെ പാര്‍ട്ടി ഉപാധ്യക്ഷനായി തെരഞ്ഞെടുത്തത്.

 

ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്രമോഡി നടത്തുന്ന പ്രചാരണ പ്രവര്‍ത്തനങ്ങളും യോഗം ചര്‍ച്ച ചെയ്യുമെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജനാര്‍ദ്ദന്‍ ദ്വിവേദി അറിയിച്ചതും ഒരു സൂചനയായി നിരീക്ഷകര്‍ കരുതുന്നു. കോണ്‍ഗ്രസിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ അനുയോജ്യമായ സമയത്ത് പ്രഖ്യാപിക്കുമെന്നാണ് അധ്യക്ഷ സോണിയാ ഗാന്ധി വ്യക്തമാക്കിയിട്ടുള്ളത്.

 

പ്രധാനമന്ത്രി സ്ഥാനാര്‍ഥി എന്ന നിലയില്‍ മോഡി നടത്തുന്ന പ്രചാരണം ബി.ജെ.പിയ്ക്ക് നേട്ടമുണ്ടാക്കുന്നു എന്നും പാര്‍ട്ടി എത്രയും വേഗം പ്രധാനമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കണമെന്നും കോൺഗ്രസിനുള്ളിൽ നിന്ന്‍ തന്നെ ആവശ്യം ഉയർന്നിട്ടുണ്ട്. 

Tags: