Skip to main content
കൊല്‍ക്കത്ത

kunal ghoshപശ്ചിമബംഗാളിലെ ശാരദാ ചിട്ടി തട്ടിപ്പുകേസില്‍ മുന്‍ തൃണമൂല്‍ കോണ്‍ഗ്രസ് എം.പി കുനാല്‍ ഘോഷിന്റെ വീട്ടില്‍ ഞായറാഴ്ച പുലര്‍ച്ചെ പോലീസ് പരിശോധന നടത്തി. ഒരു മണിക്കൂറോളം നീണ്ടുനിന്ന പരിശോധനയില്‍ ഘോഷിന്റെ കമ്പ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്ക് പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഘോഷും പോലീസിനൊപ്പം ഉണ്ടായിരുന്നു.

 

ശാരദാ ഗ്രൂപ്പിന്റെ മാധ്യമവിഭാഗത്തിന്റെ സി.ഇ.ഒ ആയിരുന്ന ഘോഷിനെ ശനിയാഴ്ചയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ ക്രിമിനല്‍  വിശ്വാസവഞ്ചന, ചതി, ഗൂഡാലോചന തുടങ്ങിയ കുറ്റങ്ങളാണ് ഘോഷിന് മേല്‍ ചുമത്തിയിരിക്കുന്നത്. ലക്ഷക്കണക്കിന്‌ നിക്ഷേപകരുടെ പക്കല്‍ നിന്നും 30,000 കോടി രൂപയിലധികമാണ് ശാരദാ ഗ്രൂപ്പ് വെട്ടിച്ചത്.

 

തട്ടിപ്പ് കേസ് പുറത്തുവന്നതിനെ തുടര്‍ന്ന് തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന്‍ പുറത്താക്കപ്പെട്ട രാജ്യസഭാംഗമായ ഘോഷ് ശനിയാഴ്ച അറസ്റ്റ് ചെയ്യപ്പെട്ടതിന് ശേഷം തട്ടിപ്പിന്റെ അന്വേഷണത്തില്‍ സഹായിക്കാന്‍ കഴിയുന്ന 12 പേരുടെ പേരുകള്‍ ഫേസ്ബുക്കില്‍ വെളിപ്പെടുത്തിയിരുന്നു. ഘോഷ് പോലീസ് കസ്റ്റഡിയില്‍ കഴിയവേ അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്റില്‍ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടേയും നാലു തൃണമൂല്‍ എം.പിമാരുടെയും പേരുകള്‍ ഉള്‍പ്പെടുന്നു. തുടര്‍ന്നാണ്‌ പോലീസ് ഘോഷിന്റെ വീട്ടില്‍ പരിശോധന നടത്തിയത്.