കാലിത്തീറ്റ കുംഭകോണ കേസില്‍ ശിക്ഷിക്കപ്പെട്ട ലാലു പ്രസാദ് യാദവ്, ജഗദീഷ് ശര്‍മ എന്നിവരുടെ ലോക്സഭാംഗത്വം ചൊവാഴ്ച റദ്ദാക്കിയതായി ലോക്സഭാ സെക്രട്ടറിയെറ്റ് അറിയിച്ചു. ജൂലൈ പത്തിന് സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഇരുവര്‍ക്കും അയോഗ്യത കല്‍പ്പിച്ചത്. സമാനമായ സാഹചര്യത്തില്‍ തിങ്കളാഴ്ച രാജ്യസഭാംഗത്വം നഷ്ടമായ കോണ്‍ഗ്രസ് നേതാവ് റഷീദ് മസൂദ് ശിക്ഷാ വിധിക്കെതിരെ അപ്പീല്‍ സമര്‍പ്പിച്ചു.
ക്രിമിനല്‍ കുറ്റത്തിന് രണ്ടോ അതിലധികമോ വര്‍ഷം തടവിന് ശിക്ഷിക്കപ്പെടുന്നവരുടെ അംഗത്വം ഉടന്‍ റദ്ദാകുമെന്ന സുപ്രീം കോടതിയുടെ വിധിയെ തുടര്‍ന്ന്‍ ലോക്സഭാംഗത്വം നഷ്ടപ്പെടുന്ന ആദ്യ നേതാക്കളാണ് ലാലുവും ജഗദീഷ് ശര്‍മയും. രാഷ്ട്രീയ ജനതാദള്‍ നേതാവായ ലാലു ബീഹാറിലെ സരണ്‍ മണ്ഡലത്തേയും ജനതാദള്‍ (യു) നേതാവായ ശര്‍മ ബീഹാറിലെ തന്നെ ജഹനാബാദ് മണ്ഡലത്തേയുമാണ് പ്രതിനിധീകരിച്ചിരുന്നത്.
റാഞ്ചിയിലെ പ്രത്യേക സി.ബി.ഐ കോടതി സെപ്തംബര്‍ 30-നാണ് ലാലു പ്രസാദ്, ജഗദീഷ് ശര്‍മ തുടങ്ങിയവരെ അവിഭജിത ബീഹാറിന്റെ ഭാഗമായിരുന്ന, ഇന്ന്‍ ജാര്‍ഖണ്ഡ് സംസ്ഥാനത്തിന്റെ ഭാഗമായ ചൈബാസ ട്രഷറിയില്‍ നിന്ന്‍ ലാലു ബീഹാര്‍ മുഖ്യമന്ത്രിയായിരുന്ന 1994-95 കാലയളവില്‍ അനധികൃതമായി 37.70 കോടി രൂപ പിന്‍വലിച്ചതുമായി ബന്ധപ്പെട്ട കേസില്‍ കുറ്റക്കാരെന്ന് വിധിച്ചത്. അഞ്ചു വര്‍ഷം തടവും 25 ലക്ഷം രൂപ പിഴയുമാണ് ലാലുവിന് ശിക്ഷ വിധിച്ചത്. റാഞ്ചിയിലെ ബിര്‍സ മുണ്ട സെന്‍ട്രല്‍ ജയിലില്‍ തടവ് അനുഭവിക്കുകയാണ് ലാലു ഇപ്പോള്‍.
കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രിയായിരിക്കെ 1990-ല്‍ മെഡിക്കല്‍ കോളേജുകളില്‍ ത്രിപുരയില്‍ നിന്നുള്ള കേന്ദ്ര സംവരണത്തില്‍ ഉള്‍പ്പെടുന്ന സീറ്റുകള്‍ അര്‍ഹതയില്ലാത്തവര്‍ക്ക് നല്‍കിയതിലെ അഴിമതിക്കേസിലാണ് റഷീദ് മസൂദിനെ നാലുവര്‍ഷം തടവിനും 60,000 രൂപ പിഴയ്ക്കം വിചാരണക്കോടതി ശിക്ഷിച്ചത്. ഈ വിധിക്കെതിരെ ഡല്‍ഹി ഹൈക്കോടതിയിലാണ് മസൂദ് ചൊവാഴ്ച അപ്പീല്‍ നല്‍കിയത്. സുപ്രീം കോടതിയുടെ ജൂലൈ പത്ത് വിധിയെ തുടര്‍ന്ന് അംഗത്വം നഷ്ടമായ ആദ്യ എം.പിയാണ് ഉത്തര്‍ പ്രദേശില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാവായ മസൂദ്.