പാക് അധീന കാശ്മീരില്‍ ലോക് സഭാ സീറ്റ് അനുവദിക്കുന്ന കാര്യം സംബന്ധിച്ച വാര്‍ത്ത കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിഷേധിച്ചു. ഇത്തരമൊരു ശുപാർശ സർക്കാർ പരിഗണനയിൽ ഇല്ലെന്നും വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. ആഭ്യന്തര വകുപ്പ് ജോയിന്റ് സെക്രട്ടറി ആർ.കെ. ശ്രീവാസ്‌തവ മുന്നോട്ടു വച്ച ശുപാർശ ആഭ്യന്തര മന്ത്രി സുശിൽ കുമാർ ഷിൻഡെയുടെ പരിഗണനയിലാണെന്ന്‍ ഒരു ദേശീയ ദിനപത്രം വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.
പാക് അധിനിവേശ കാശ്‌മീരില്‍ സീറ്റുകള്‍ അനുവദിക്കണമെങ്കില്‍ ഭരണഘടനയുടെ എണ്‍പത്തിയൊന്നാം അനുചേ്‌ഛദം ഭേദഗതി ചെയ്യേണ്ടി വരും. ഇക്കാര്യത്തില്‍ നിയമ മന്ത്രാലയത്തിന്റെ അഭിപ്രായം തേടാനാണ് ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചിട്ടുള്ളതെന്നായിരുന്നു വാര്‍ത്തയില്‍ പറഞ്ഞിരിക്കുന്നത്. പാകിസ്താന്റെ കൈവശമുള്ള ഇവിടെ പാര്‍ലമെന്റ് സീറ്റ് രൂപീകരിക്കുക വഴി വിവാദമേഖലയിലെ ഇന്ത്യന്‍പരമാധികാരം ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നും വാര്‍ത്തകളിലുണ്ട്. എന്നാല്‍ ആഭ്യന്തരമന്ത്രാലയം ഈ വാര്‍ത്ത നിഷേധിച്ചു.
നിലവില്‍ ജമ്മു കാശ്മീര്‍ നിയമസഭയില്‍ പാക് അധീന കാശ്മീരിനായി 24 സീറ്റുകളാണ് മാറ്റിവെച്ചിട്ടുള്ളത്. പാകിസ്താന്റെ നിയന്ത്രണത്തിലുള്ള മേഖലയായതിനാല്‍ ഇവിടങ്ങളില്‍ ഇതുവരെ തെരഞ്ഞെടുപ്പ് നടന്നിട്ടില്ല. നിയമസഭയിലെ മൊത്ത അംഗസംഖ്യ കണക്കിലെടുക്കുമ്പോള്‍ ഈ സീറ്റുകൾ പരിഗണിക്കാറുമില്ല.