പാക് അധിനിവേശ കാശ്മീരിന് പ്രത്യേക ലോക്സഭാ സീറ്റ് നല്‍കുന്നത് സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ചര്‍ച്ച ആരംഭിച്ചു. ആഭ്യന്തര വകുപ്പ് ജോയിന്‍റ് സെക്രട്ടറി ആര്‍.കെ. ശ്രീവാസ്തവ സമര്‍പ്പിച്ച നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് ആഭ്യന്തര മന്ത്രാലയം ഇക്കാര്യം പരിഗണിക്കുന്നത്. ഇതിനായി ഭരണഘടനയടെ എണ്‍പത്തിയൊന്നാം അനുച്ഛേദം ഭേദഗതി ചെയ്തേക്കുമെന്നും സൂചനയുണ്ട്. നിലവിലുള്ള സ്ഥിതിയനുസരിച്ച് ഭരണഘടനയുടെ എണ്‍പത്തിയൊന്നാം അനുച്ഛേദ പ്രകാരം മറ്റൊരു രാജ്യത്തിന്റെ നിയന്ത്രണത്തിലുള്ള പ്രദേശത്ത് തിരഞ്ഞെടുപ്പ് നടത്താന്‍ സാധ്യമല്ല.
2014-ല്‍ നടക്കുന്ന പൊതുതിരഞ്ഞെടുപ്പിന് മുമ്പ് തന്നെ പാക് അധിനിവേശ കശ്മീരില്‍ പ്രത്യേക ലോക്സഭാ സീറ്റ് യാഥാര്‍ത്യമായേക്കാനാണ് സാധ്യത. നിലവില്‍ ജമ്മു കാശ്മീര്‍ നിയമസഭയില്‍ പാക് അധീന കാശ്മീരിനായി 24 സീറ്റുകളാണ് മാറ്റിവെച്ചിട്ടുള്ളത്. പാകിസ്താന്റെ നിയന്ത്രണത്തിലുള്ള മേഖലയായതിനാല്‍ ഇവിടങ്ങളില്‍ ഇതുവരെ തെരഞ്ഞെടുപ്പ് നടന്നിട്ടില്ല. നിയമസഭയിലെ മൊത്ത അംഗസംഖ്യ കണക്കിലെടുക്കുമ്പോള്‍ ഈ സീറ്റുകൾ പരിഗണിക്കാറുമില്ല. ഈ രീതിയില്‍ ഏതാനും സീറ്റുകള്‍ ലോക്സഭയില്‍ പാക് അധീന കശ്മീരിന് വേണ്ടി മാറ്റിവെക്കാനാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ചര്‍ച്ച ചെയ്യുന്നത്.
ഇതോടൊപ്പം തന്നെ പാക് അധിനിവേശ മേഖല ഇന്ത്യയുടേതാണെന്ന അവകാശവാദം ശക്തമാക്കാന്‍ ആര്‍.കെ. ശ്രീവാസ്തവ സമര്‍പ്പിച്ച നിര്‍ദേശങ്ങളിലൂടെ കഴിയുമെന്നാണ് കഴിയുമെന്നാണ് ആഭ്യന്തരമന്ത്രാലയം കരുതുന്നത്.