Skip to main content
ന്യൂഡല്‍ഹി

കല്‍ക്കരി അഴിമതിയുമായി ബന്ധപ്പെട്ട് ആദിത്യ ബിര്‍ള ഗ്രൂപ്പ് ചെയര്‍മാന്‍ കുമാര്‍മംഗലം ബിര്‍ളക്കെതിരെ സി.ബി.ഐ കേസെടുത്തു. ബിര്‍ളയെക്കൂടാതെ കല്‍ക്കരി മന്ത്രാലയം മുന്‍ സെക്രട്ടറി പി.സി പരേഖ്, ഹിന്‍ഡാല്‍കോ കമ്പനി, പൊതുമേഖലാ സ്ഥാപനമായ നാല്‍കോ എന്നിവയ്‌ക്കെതിരെയും പുതിയതായി കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ലേലത്തിലൂടെയല്ലാതെ കല്‍ക്കരിപ്പാടങ്ങള്‍ സ്വന്തമാക്കി എന്നതാണ് കേസ്.

 

കേസ് രജിസ്റ്റര്‍ ചെയ്ത സാഹചര്യത്തില്‍ ദല്‍ഹി, കൊല്‍ക്കത്ത, ഭുവനേശ്വര്‍, മുംബൈ എന്നിവിടങ്ങളില്‍ സി.ബി.ഐ ചൊവ്വാഴ്ച റെയ്ഡ് നടത്തി. പരിശോധന ഇപ്പോഴും തുടരുകയാണ്. വഞ്ചന,ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് ബിര്‍ളയ്‌ക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇദ്ദേഹത്തെ ഉടന്‍ ചോദ്യം ചെയ്യുമെന്നും സി.ബി.ഐ പറഞ്ഞു.

 

മുന്‍ കേന്ദ്രമന്ത്രി ദാസരി നാരായണറാവു, കോണ്‍ഗ്രസ് എം.പി. നവീന്‍ ജിന്‍ഡാല്‍ എന്നിവരേയും സി.ബി.ഐ കല്‍ക്കരിപ്പാടം അഴിമതിയില് പ്രതിചേര്‍ത്തിരുന്നു. കല്‍ക്കരിപ്പാടങ്ങള്‍ വിതരണംചെയ്തതില്‍ കേന്ദ്രസര്‍ക്കാരിന് 1.86 ലക്ഷം കോടിയുടെ നഷ്ടമുണ്ടായെന്നാണ് സി.എ.ജി. റിപ്പോര്‍ട്ടില്‍ പറയുന്നത്.

Tags