പശ്ചിമഘട്ട സംരക്ഷണത്തിനായി എത്രയും പെട്ടെന്ന് ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ നടപ്പിലാക്കണമെന്ന് സുപ്രീം കോടതി. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടു കൂടി പരിഗണിച്ച ശേഷം മാത്രമേ ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് പരിഗണിക്കാവൂ എന്ന് കേന്ദ്ര സര്‍ക്കാരിന്‍റെ അഭിഭാഷകന്‍ വാദിച്ചെങ്കിലും അതു വരെ കാത്തിരിക്കേണ്ടതില്ലെന്ന് സുപ്രീം കോടതി അഭിപ്രായപ്പെട്ടു. കോടതി നിര്‍ദേശത്തെത്തുടര്‍ന്ന് ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരായ ഹര്‍ജി സംസ്ഥാന സര്‍ക്കാര്‍ പിന്‍വലിച്ചു.
പശ്ചിമ ഘട്ട സംരക്ഷണം അതിപ്രധാനമാണെന്നും അതിനാല്‍ സംരക്ഷണ നടപടികള്‍ വൈകിപ്പിക്കേണ്ടതില്ലെന്നുമായിരുന്നു സുപ്രീം കോടതിയുടെ പ്രതികരണം. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് വരുമ്പോള്‍ മാറ്റം ആവശ്യമാണെങ്കില്‍ അപ്പോള്‍ പരിഗണിക്കുന്നതില്‍ തെറ്റില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.
ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെതിരെ കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ എതിര്‍പ്പ് അറിയിച്ചതിനെ തുടര്‍ന്ന് ഇക്കാര്യം പരിശോധിക്കാന്‍ കസ്തൂരി രംഗന്‍ കമ്മിറ്റിയെ കേന്ദ്രം നിയോഗിക്കുകയും റിപ്പോര്‍ട്ട് ലഭിക്കുകയും ചെയ്തിരുന്നു. ഏതു റിപ്പോര്‍ട്ടാണ് നടപ്പാക്കുന്നത് എന്ന കാര്യത്തില്‍ കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയം തീരുമാനമെടുത്തിട്ടില്ല. ഈ സാഹചര്യത്തിലാണ് തീരുമാനമാകുന്നതുവരെ ആദ്യം സമര്‍പ്പിക്കപ്പെട്ട ഗാഡ്ഗില്‍ കമ്മിറ്റിയുടെ ശുപാര്‍ശയനുസരിച്ച് നടപടിയെടുക്കണമെന്ന് ജസ്റ്റിസ് എച്ച്.എല്‍. ദത്തുവിന്‍റെ നേതൃത്വത്തിലുള്ള ബെഞ്ച് നിര്‍ദേശിച്ചത്.
കേന്ദ്രസര്‍ക്കാര്‍ അംഗീകരിക്കാത്ത ഗാഡ്ഗില്‍ സമിതി റിപ്പോർട്ടിലെ ശുപാർശകൾ നടപ്പിലാക്കുന്ന കാര്യത്തിൽ ഗ്രീൻ ട്രൈബ്യൂണലിന് ഇടപെടാനാകില്ലെന്നായിരുന്നു കേരളം സുപ്രീംകോടതിയിൽ സമർപ്പിച്ച ഹർജി.