പശ്ചിമ ബംഗാളിലെ ഹൂബ്ലി ജില്ലയില്‍ ഞായറാഴ്ച പള്‍സ് പോളിയോ തുള്ളികള്‍ക്ക് പകരം ഹെപ്പറ്ററ്റിസ് ബി വാക്സിന് വായിലൂടെ നല്കിയ 114 കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുഖ്യമന്ത്രി മമതാ ബാനര്‍ജി സംഭവത്തില്‍ അന്വേഷണം നടത്താന്‍ ഉത്തരവിട്ടു.
സംഭവം വ്യാപക പ്രതിഷേധത്തിന് കാരണമായി. രോഷാകുലരായ നാട്ടുകാര്‍ ആരോഗ്യപ്രവര്‍ത്തകരെ തടഞ്ഞുവെച്ചു. ആറു പേരെ സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്.
പള്‍സ് പോളിയോ ദിനമായ ഞായറാഴ്ച ഖതുല് ഗ്രാമത്തിലെ പോളിയോ ബൂത്തില്‍ കുട്ടികള്‍ക്ക് വാക്സിന് നല്‍കുന്നതിനിടെ ഒരു രക്ഷാകര്‍ത്താവാണ് ഹെപ്പറ്ററ്റിസ് വാക്സിനാണ് നല്‍കുന്നതെന്ന് കണ്ടെത്തിയത്. അതിനകം 114 കുട്ടികള്‍ക്ക് വാക്സിന് വായിലൂടെ നല്‍കിയിരുന്നു. ഈ കുട്ടികളെ അരംബാഗ് സബ്-ഡിവിഷണല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കുത്തിവെയ്പിലൂടെയാണ് സാധാരണ ഹെപ്പറ്ററ്റിസ് വാക്സിന് നല്‍കുക. പോളിയോ തുള്ളിമരുന്ന് വായിലൂടെയും. എന്നാല്‍, വാക്സിന് മൂലം കുട്ടികള്‍ക്ക് അപകടമുണ്ടാവില്ലെന്ന് ആശുപത്രി സൂപ്രണ്ട് നിര്‍മാല്യ റേ അറിയിച്ചു.