ഷോപിയാന്‍ വെടിവെപ്പ്: അഞ്ച് മരണം; കര്‍ഫ്യൂ; പ്രതിഷേധം

Thu, 12-09-2013 11:15:00 AM ;
ഷോപിയാന്‍

സി.ആര്‍.പി.എഫ് സൈനികരുടെ വെടിവെപ്പില്‍ യുവാവ് കൊല്ലപ്പെട്ടെന്നു ആരോപിച്ച് ദക്ഷിണ കശ്മീരില്‍ പ്രതിഷേധം ശക്തം. കുല്‍ഗാം, പുല്‍വാമ, ഷോപിയാന്‍ ജില്ലകളില്‍ അനിശ്ചിതകാല കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. എന്നാല്‍ ആരോപണം സി.ആര്‍.പി.എഫ് നിഷേധിച്ചു.

 

ശനിയാഴ്ച സി.ആര്‍.പി.എഫ് വെടിവെപ്പില്‍ നാലുപേര്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധം ശക്തമായിരിക്കെ പ്രകോപനം കൂടാതെ സി.ആര്‍.പി.എഫ് സൈനികര്‍ ബുധനാഴ്ച നടത്തിയ വെടിവെപ്പില്‍ ഒരു യുവാവ് കൊല്ലപ്പെടുകയും നാല് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു എന്നാണ് ആരോപണം. മുഹമ്മദ്‌ റാഫി റാത്തര്‍ (28) എന്ന ബസ് ഡ്രൈവറാണ് കൊല്ലപ്പെട്ടത്.

 

ശനിയാഴ്ച കൊല്ലപ്പെട്ട നാലുപേരും സാധാരണ പൌരരാണെന്നാണ് നാട്ടുകാര്‍ അവകാശപ്പെടുന്നത്. എന്നാല്‍, കൊല്ലപ്പെട്ടവരില്‍ ബീഹാര്‍ സ്വദേശിയായ ഒരാള്‍ ലഷ്കര്‍ തീവ്രവാദിയാണെന്ന് സി.ആര്‍.പി.എഫ് പറയുന്നു. അതേസമയം, മറ്റ് മൂന്നുപേര്‍ക്ക് തീവ്രവാദ ബന്ധമില്ലെന്ന് സി.ആര്‍.പി.എഫ് സമ്മതിച്ചു.

 

രണ്ടു സംഭവങ്ങളും പോലീസ് അന്വേഷിക്കുമെന്ന് കശ്മീര്‍ പോലീസ് ഇന്‍സ്പെക്ടര്‍ ജനറല്‍ അബ്ദുല്‍ ഗനി മീര്‍ അറിയിച്ചു.

Tags: