1993-ലെ മുംബൈ സ്ഫോടനക്കേസിലെ പ്രതി കണ്ണൂരില്‍ പിടിയിലായി. മുംബൈ സ്വദേശിയായ മനോജ് ലാല്‍ ബുവാരിലാല്‍ ഗുപ്തയെന്ന മുന്നാ ഭായിയാണ് ബുധനാഴ്ച പുലര്‍ച്ചെ കണ്ണൂര്‍ പോലീസിന്റെ പിടിയിലായത്. അധോലോക നേതാവ് ദാവൂദ് ഇബ്രാഹിമുമായി അടുത്ത ബന്ധമുള്ള വ്യക്തിയാണ് മുന്നാഭായി. കണ്ണൂര്‍ എസ്.പിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
മുംബൈ സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് 13 വര്‍ഷം ശിക്ഷ അനുഭവിച്ച ഇയാള്‍ പിന്നീട് ജാമ്യത്തിലിറങ്ങി ഒളിവില്‍ പോവുകയായിരുന്നു. 2008 മുതല്‍ കണ്ണൂരിലെ അത്താഴക്കുന്നിലുള്ള വീട്ടില്‍ നിന്ന് പുറത്ത് പോയിരുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു. സുപ്രീം കോടതി നിര്‍ദ്ദേശപ്രകാരം ഇയാളെ പിടികൂടാനായി സിബിഐ അന്വേഷണം നടക്കുന്നതിനിടെയാണ് ഇയാളെക്കുറിച്ച് പോലീസിനു രഹസ്യ വിവരം ലഭിച്ചത്.
1993 മാര്‍ച്ചിലാണ് മുംബൈ സ്ഫോടനം നടക്കുന്നത്. 13 സ്ഥലങ്ങളിലായി നടന്ന സ്ഫോടനത്തില്‍ 257 പേര്‍ മരിക്കുകയും 713 പേര്‍ക്ക് പരിക്കേല്‍ക്കുയും ചെയ്തിരുന്നു. സ്ഫോടനവുമായി ബന്ധപ്പെട്ട് ആയുധം സൂക്ഷിച്ചുവെന്ന കേസില്‍ ചലച്ചിത്രതാരം സഞ്ജയ് ദത്ത് ഇപ്പോള്‍ തടവുശിക്ഷ അനുഭവിക്കുകയാണ്.