രാജ്യത്തെ ജനസംഖ്യയുടെ 67 ശതമാനം വരുന്നവര്‍ക്ക് കുറഞ്ഞ നിരക്കില്‍ ഭക്ഷ്യധാന്യങ്ങളുടെ ലഭ്യത ഉറപ്പുനല്‍കുന്ന ദേശീയ ഭക്ഷ്യസുരക്ഷാ ബില്‍ 2013 ലോക് സഭ തിങ്കളാഴ്ച രാത്രി പാസ്സാക്കി.
കിലോഗ്രാമിന് മൂന്ന്‍ രൂപ നിരക്കില്‍ അരി, രണ്ടു രൂപാ നിരക്കില്‍ ഗോതമ്പ്, ഒരു രൂപക്ക് ഭക്ഷ്യധാന്യം എന്നിവയില്‍ ഏതെങ്കിലും മാസം അഞ്ചു കിലോ നല്‍കുന്നതാണ് പദ്ധതി. നിശ്ചിത പൊതുവിതരണ വ്യവസ്ഥയിലൂടെ ഗ്രാമപ്രദേശങ്ങളിലെ 75 ശതമാനവും നഗരങ്ങളിലെ 50 ശതമാനവും ജനങ്ങള്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും. കേന്ദ്രസര്‍ക്കാര്‍ നിശ്ചയിക്കുന്ന മാനദണ്ഡങ്ങള്‍ ഉപയോഗിച്ച് സംസ്ഥാനങ്ങളാണ് 82 കോടി വരുന്ന ഉപയോക്താക്കളെ കണ്ടെത്തുക.
നിയമം ജൂലൈ മാസത്തില്‍ സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ആയി പ്രഖ്യാപിച്ചിരുന്നു. ആറു മണിക്കൂര്‍ നീണ്ട ചര്‍ച്ചക്ക് ശേഷം പ്രതിപക്ഷ അംഗങ്ങള്‍ അവതരിപ്പിച്ച ഭേദഗതികള്‍ വോട്ടിനിട്ട് തള്ളിയാണ് രാത്രി വൈകി ബില്‍ പാസ്സാക്കിയത്.
ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ച യു.പി.എ അധ്യക്ഷ സോണിയാ ഗാന്ധി പദ്ധതിയെ ശാക്തീകരണ വിപ്ലവം എന്ന് വിശേഷിപ്പിച്ചു. വിശപ്പും പോഷകാഹാരക്കുറവും തുടച്ചുനീക്കുമെന്ന തന്റെ പാര്‍ട്ടിയുടെ വാഗ്ദാനത്തിന്റെ പൂര്‍ത്തീകരണമാണ് ബില്‍. മുഴുവന്‍ പൗരര്‍ക്കും ഭക്ഷ്യസുരക്ഷയുടെ ഉത്തരവാദിത്വം ഏറ്റെടുക്കാനുള്ള ഇന്ത്യയുടെ ശേഷിയെ കുറിച്ചുള്ള വലിയൊരു സന്ദേശവും കൂടിയാണ് പദ്ധതിയെന്നും അവര്‍ അവകാശപ്പെട്ടു.
ബില്ലിന്റെ പിന്നിലെ ശക്തിയെന്ന്‍ കരുതപ്പെടുന്ന സോണിയാ ഗാന്ധിക്ക് പക്ഷെ ബില്‍ പാസ്സാക്കിയ വോട്ടെടുപ്പില്‍ പങ്കെടുക്കാനായില്ല. ദേഹാസ്വാസ്ഥ്യം മൂലം 8.15-ന് സഭ വിട്ട അവരെ ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ പ്രവേശിപ്പിച്ചു.