Skip to main content
ന്യൂഡല്‍ഹി

രാജ്യത്തെ വി.വി.ഐ.പികള്‍ക്ക് സഞ്ചരിക്കാന്‍ പ്രതിരോധ മന്ത്രാലയം ഹെലികോപ്റ്റര്‍ വാങ്ങിയതില്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്ന് കംട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍(സി.എ.ജി.) റിപ്പോര്‍ട്ട്. മുന്‍ വ്യോമസേനാ മേധാവിക്ക് ഇടപാടില്‍ പങ്കുണ്ടെന്നാണ് സൂചന. ഇറ്റാലിയന്‍ കമ്പനിയുമായി ഉണ്ടാക്കിയ 3727 കോടി കരാറില്‍ നിരവധി ക്രമക്കേട് നടന്നിട്ടുണ്ടെന്നാണ് ചൊവ്വാഴ്ച പാരലമെന്റില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്.

 

മുന്‍ വ്യോമസേന മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ എസ്.പി. ത്യാഗിയാണ് കേസില്‍ മുഖ്യ പ്രതി. 2010ല്‍ രാഷ്ട്രപതി, പ്രധാനമന്ത്രി, മറ്റ് വിശിഷ്ട വ്യക്തികള്‍ എന്നിവര്‍ക്കായി 12  ഹെലികോപ്ടറുകള്‍ വാങ്ങിയതിലെ അഴിമതി സി.ബി.ഐ അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്.

 

ഹെലികോപ്റ്റര്‍ ഇടപാടിനെക്കുറിച്ച് ആദ്യമായി അന്വേഷണം നടന്നത് കഴിഞ്ഞ ഓഗസ്റ്റിലാണ്. പിന്നീട് തുടരന്വേഷണം നടത്താന്‍ പ്രതിരോധമന്ത്രി എ.കെ ആന്റണി ഉത്തരവിട്ടു. 12 ഹെലികോപ്ടറുകള്‍ക്ക് കമ്പനി ആവശ്യപ്പെട്ട തുക 3966 കോടിയായിരുന്നെങ്കിലും 4871 കോടിക്കാണ് കരാര്‍ ഒപ്പുവച്ചത്. ഹെലികോപ്ടറുകള്‍ വാങ്ങിയതിന് 360 കോടി രൂപ എസ്.പി. ത്യാഗിയുള്‍പ്പടെയുള്ളവര്‍ക്ക് കൈക്കൂലിയായി നല്‍കിയെന്നാണ് ആരോപണം.

 

6000 അടി ഉയരത്തില്‍ ഹെലികോപ്ടറുകള്‍ പറക്കുമെന്നായിരുന്നു  പറഞ്ഞിരുന്നത്. എന്നാല്‍ 4572 അടിക്കു മേല്‍ ഹെലികോപ്ടറുകള്‍ക്ക് പറക്കാനാവുമായിരുന്നില്ല. അതിനാല്‍ തന്നെ 2007 ഒക്ടോബറില്‍ വ്യോമസേന മേധാവി വിദേശത്ത് നടത്തിയ പറക്കല്‍പരിശോധനയെ സി.എ.ജി റിപ്പോര്‍ട്ട് വിമര്‍ശിച്ചു.