ദേശീയ ഭക്ഷ്യസുരക്ഷ ബില്‍ ഓര്‍ഡിനന്‍സിന് ബുധാനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗം അംഗീകാരം നല്കി. മന്ത്രിസഭയുടെ അംഗീകാരത്തിനു ശേഷം രാഷ്ട്രപതിക്ക് കൈമാറി. രാഷ്ട്രപതി ഒപ്പിട്ടതിനു ശേഷം വ്യാഴാഴ്ചതന്നെ ഓര്‍ഡിനന്‍സ് പ്രാബല്യത്തില്‍ കൊണ്ടുവരുമെന്നാണ് സൂചന.
രാജ്യത്തെ മൂന്നില്‍ രണ്ട് ജനങ്ങള്‍ക്കും കുറഞ്ഞ നിരക്കില്‍ പ്രതിമാസം അഞ്ചു കിലോ ധാന്യം കിട്ടുന്നുവെന്ന് ഉറപ്പാക്കുന്ന വിധമാണ് ഓര്‍ഡിനന്‍സ്. രാജ്യത്തെ 67 ശതമാനം പേര്‍ക്കും ഭക്ഷണം അവകാശമാക്കുന്ന ഓര്‍ഡിനന്‍സാണ് മന്ത്രിസഭ അംഗീകരിച്ചത്. യു.പി.എ സര്‍ക്കാര്‍ നടപ്പാക്കുന്ന ഏറ്റവും വലിയ പദ്ധതിയാണിത്.
ഭക്ഷ്യസുരക്ഷ പാവപ്പെട്ടവരുടെ അവകാശമാണെന്ന് കോണ്‍ഗ്രസ് നേതാവ് അജയ് മാക്കന് പറഞ്ഞു. റേഷന്‍കാര്‍ഡുകള്‍ വഴിയായിരിക്കും ആനുകൂല്യങ്ങള്‍ നല്‍കുന്നത്. ഒരാൾക്ക് മാസം അഞ്ചു കിലോ ഭക്ഷ്യ ധാന്യം സബ്സിഡി നിരക്കിൽ ലഭിക്കും. അരി കിലോ മൂന്നു രൂപയ്ക്കും ഗോതമ്പ് കിലോ രണ്ടു രൂപയ്ക്കും മറ്റു ഭക്ഷ്യധാന്യങ്ങൾ കിലോ ഒരു രൂപയ്ക്കുമാണ് നൽകുക.
പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനത്തില്‍ അവതരിപ്പിക്കാനിരുന്ന ബില്‍ സമാജ് വാദി പാര്‍ട്ടിയുടെയും പ്രതിപക്ഷത്തിന്റെയും എതിര്‍പ്പിനെ തുടര്‍ന്ന് മാറ്റിവച്ചിരുന്നു. യു.പി.എ സഖ്യകക്ഷിയായ എന്‍.സി.പി, പ്രധാന പ്രതിപക്ഷമായ ബി.ജെ.പി, ഇടതു പാര്‍ട്ടികള്‍ എന്നിവര്‍ ഭക്ഷ്യ സുരക്ഷാ ബില്ലിനെതിരാണ്. പാര്‍ട്ടികളുടെ എതിര്‍പ്പ് മൂലം മന്ത്രിസഭാ യോഗം നിരവധി തവണ മാറ്റിവച്ചിരുന്നു. പൊതുതിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണ് സര്‍ക്കാര്‍ ഭക്ഷ്യ സുരക്ഷാ ബില്‍ ഉടന്‍ പാസ്സാക്കുന്നത്.