Skip to main content

ന്യൂഡല്‍ഹി: കേന്ദ്രമന്ത്രിസഭാ പുന:സംഘടനയുടെ സൂചനകള്‍ നല്‍കി കേന്ദ്ര ഭവന-നഗര ദാരിദ്ര്യ ലഘൂകരണ കാര്യ മന്ത്രി അജയ് മാക്കന്‍ രാജിവെച്ചു. ശനിയാഴ്ച രാത്രിയാണ് പ്രധാനമന്ത്രിക്ക് രാജി സമര്‍പ്പിച്ചത്. രണ്ട് ദിവസത്തിനകം മന്ത്രിസഭ പുന:സംഘടിപ്പിക്കുമെന്നാണ് സൂചന.

 

പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് രാജിയെന്ന് മാക്കന്‍ പറഞ്ഞു. മന്ത്രിസഭക്ക് പുറമേ പാര്‍ട്ടി സംഘടനാ തലത്തിലും പുന:ക്രമീകരണം ഉണ്ടാകുമെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറഞ്ഞു.

 

ആഭ്യന്തരവകുപ്പില്‍ സഹമന്ത്രി ആയും കായിക വകുപ്പിന്റെ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിയായും പ്രവര്‍ത്തിച്ച മാക്കന് കഴിഞ്ഞ ഒക്ടോബറിലാണ് കാബിനറ്റ്‌ പദവി ലഭിച്ചത്. നേരത്തെ ഡല്‍ഹി നിയമസഭയില്‍ സ്പീക്കറായിരുന്നു.  ഡല്‍ഹിയില്‍ ഈ വര്‍ഷാവസാനം തെരഞ്ഞെടുപ്പ് നടക്കും.

 

റെയില്‍വേ മന്ത്രിയായിരുന പവന്‍ കുമാര്‍ ബന്‍സല്‍, നിയമ മന്ത്രിയായിരുന അശ്വനി കുമാര്‍ എന്നിവരുടെ രാജിയെ തുടര്‍ന്ന് ഈ വകുപ്പുകള്‍ മറ്റ് മന്ത്രിമാര്‍ക്ക് നല്‍കിയിരിക്കുകയാണ്. യു.പി.എ വിട്ട ഡി.എം.കെ, തൃണമൂല്‍ കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികളിലെ മന്ത്രിമാരുടെ ഒഴിവുകളും നികത്തിയിട്ടില്ല.