ന്യൂഡല്‍ഹി: മാവോവാദി ആക്രമണങ്ങളെ നേരിടാന്‍ രാജ്യം ഒറ്റക്കെട്ടായി നിലകൊള്ളണമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്. രാജ്യത്ത് നക്സലിസം ഉയര്‍ത്തുന്ന പ്രശ്നങ്ങള്‍ വര്‍ദ്ധിച്ച് വരികയാണ്. അതേ സമയം നക്‌സല്‍ ബാധിത മേഖലകളുടെ വികസനത്തിന് വേണ്ടി സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നുമുണ്ട്- പ്രധാനമന്ത്രി പറഞ്ഞു.
ഛത്തീസ്ഗഡില്‍ മാവോവാദി ആക്രമണത്തില്‍ കോണ്‍ഗ്രസ്സ് സംസ്ഥാന അധ്യക്ഷനുള്‍പ്പടെ നിരവധി പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ ആഭ്യന്തര സുരക്ഷ ചര്‍ച്ച ചെയ്യാന്‍ വിളിച്ചുചേര്‍ത്ത മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
ജമ്മു കശ്മീരിലെ ആഭ്യന്തര സുരക്ഷ വളരെയധികം മെച്ചപ്പെട്ടിട്ടുണ്ടെന്ന്‍ പ്രധാനമന്ത്രി പറഞ്ഞു. 2011-നെ അപേക്ഷിച്ച് നുഴഞ്ഞുകയറ്റം തടയാനുള്ള ശ്രമം കുറക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും ഇതിനായി ധാരാളം പദ്ധതികള്‍ സംസ്ഥാനത്ത് നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
പ്രതിപക്ഷ മുഖ്യമന്ത്രിമാരുടെ എതിര്‍പ്പ് മുന്‍കൂട്ടി കണ്ട് ദേശീയ ഭീകര വിരുദ്ധ കേന്ദ്ര (എന്‍.സി.ടി.സി)ത്തിനായുള്ള ശുപാര്‍ശയില്‍ കേന്ദ്ര സര്‍ക്കാര്‍ മാറ്റം വരുത്തി. എന്‍.സി.ടി.സി ഇന്റലിജന്‍സ് ബ്യൂറോക്ക് കീഴിലാക്കുന്നതുള്‍പ്പെടെയുള്ള വിവാദ വ്യവസ്ഥകള്‍ എടുത്തു മാറ്റിയിട്ടുണ്ട്.
ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് യോഗത്തില്‍ കേരളത്തെ പ്രതിനിധീകരിക്കുന്നത്.