Skip to main content

 

ന്യൂഡല്‍ഹി: അഞ്ച് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്‌ ജപ്പാനിലെത്തി. തിങ്കളാഴ്ച വൈകിട്ട് ടോക്യോയിലെ ഹനേദ വിമാനത്താവളത്തില്‍ എത്തിയ പ്രധാനമന്ത്രിയെ ജപ്പാന്‍ വിദേശകാര്യ സഹമന്ത്രി മിനോര ക്വിച്ചിയുടെ നേതൃത്വത്തിലുള്ള സംഘം സ്വീകരിച്ചു. ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധം ശക്തിപ്പെടുത്തുന്നതിനും അതിവേഗ ട്രെയിന്‍ സര്‍വീസ് ഇന്ത്യയില്‍ നടപ്പാക്കുന്നതിനെപ്പറ്റിയും ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയുമായി ബുധനാഴ്ച ചര്‍ച്ച നടത്തും.

 

ഇരു രാജ്യങ്ങളും തമ്മിലുള്ള രാഷ്ട്രീയ സാമ്പത്തിക ബന്ധം മെച്ചപ്പെടുത്തുന്നതിന് വേണ്ടിയും ഈ സന്ദര്‍ശനം സഹായിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയും ജപ്പാനും തമ്മിലുള്ള വാര്‍ഷിക ഉച്ചകോടി ബുധനാഴ്ച നടക്കും. നിര്‍ണായകമായ ആണവ കരാറിനെകുറിച്ചും സുപ്രധാനമായ മറ്റു കരാറുകളെ കുറിച്ചും ഇരു രാജ്യങ്ങളും ചര്‍ച്ച നടത്തും.

 

ജപ്പാന്‍ സന്ദര്‍ശനത്തിന് ശേഷം വ്യാഴാഴ്ച പ്രധാനമന്ത്രി തായ്‌ലന്‍ഡിലേക്ക് തിരിക്കും. തായ് പ്രധാനമന്ത്രി യിന്‍ഗ്‌ളുക് ഷിനാവത്രയുമായി സ്വതന്ത്ര വ്യാപാര കരാര്‍ ഒപ്പ് വക്കുന്നതിനെ പറ്റി ചര്‍ച്ച നടത്തും.

Tags