ഗുവാഹത്തി: അസ്സമില്‍ നിന്നുള്ള രാജ്യസഭാ സീറ്റിലേക്ക് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങ് ബുധനാഴ്ച നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. തുടര്‍ച്ചയായി അഞ്ചാം തവണയാണ് മന്‍മോഹന്‍ ഇവിടെനിന്ന് രാജ്യസഭയിലേക്ക് മത്സരിക്കുന്നത്.
കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ദിഗ്വിജയ സിങ്ങിനൊപ്പം സംസ്ഥാനത്തെത്തിയ പ്രധാനമന്ത്രി നേരെ നിയമസഭയിലെത്തി പത്രിക സമര്‍പ്പിച്ചു. ജൂണ്‍ 14-നാണ് അദ്ദേഹത്തിന്റെ അംഗത്വ കാലാവധി കഴിയുന്നത്.
പ്രധാനമന്ത്രി അസ്സമില്‍ വികസനം കൊണ്ടുവരുന്നതില്‍ പരാജയപ്പെട്ടെന്ന് ആരോപിച്ച് ചില വിദ്യാര്‍ഥി സംഘടനകള്‍ നിയമസഭയ്ക്ക് മുന്നില്‍ കരിങ്കൊടികളേന്തി പ്രകടനം നടത്തി. മാധ്യമപ്രവര്‍ത്തകരും തങ്ങളെ തടഞ്ഞതില്‍ പ്രതിഷേധിച്ചു പ്രകടനം നടത്തി.
എന്നാല്‍, പിന്നീട് മാധ്യപ്രവര്‍ത്തകരുടെ സമീപത്ത് വന്ന പ്രധാനമന്ത്രി തുടര്‍ച്ചയായി തന്നെ രാജ്യസഭയിലേക്ക് തിരഞ്ഞെടുത്തതിന് അസ്സമിലെ ജനങ്ങള്‍ക്ക് നന്ദി പ്രകാശിപ്പിച്ചു. സംസ്ഥാനത്തിന്റെ വികസനത്തിന് തന്റെ ഭാഗത്തുനിന്നു എല്ലാ പരിശ്രമവും അദ്ദേഹം വാഗ്ദാനം ചെയ്തു.
1991-ല്‍ കേന്ദ്ര ധനമന്ത്രിയായി ചുമതലയേറ്റത് മുതല്‍ അസ്സമില്‍ നിന്നുള്ള രാജ്യസഭാംഗമാണ് മന്‍മോഹന്‍ സിങ്ങ്. കോണ്‍ഗ്രസിന് നാലില്‍ മൂന്നു ഭൂരിപക്ഷമുള്ള നിയമസഭയില്‍ പ്രധാനമന്ത്രിയുടെ വിജയം സുനിശ്ചിതമാണ്. മത്സരം ഉണ്ടാവുകയാണെങ്കില്‍ മേയ് 30-നാണ് തിരഞ്ഞെടുപ്പ്.