Skip to main content

ന്യൂഡല്‍ഹി: കടല്‍ക്കൊല കേസില്‍ അന്വേഷണം ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ.) ക്ക്  കൈമാറിയതിനെതിരെ ഇറ്റലി ചൊവ്വാഴ്ച സുപ്രീം കോടതിയെ സമീപിച്ചു. കേസ് എന്‍.ഐ.എയുടെ അധികാര പരിധിയില്‍ വരില്ലെന്നായിരുന്നു ഇറ്റലിയുടെ വാദം. കേസില്‍ ഏപ്രില്‍ 22ന് ചീഫ് ജസ്റ്റിസ് അല്തമാസ് കബീറിന്റെ നേതൃത്വത്തിലുള്ള ബഞ്ച് വിധി പറയും.

 

സമുദ്രത്തിലെ തീവ്രവാദ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട സുവ നിയമപ്രകാരമുള്ള കുറ്റങ്ങള്‍ ഇറ്റാലിയന്‍ നാവികരില്‍ അടിച്ചേല്‍പ്പിച്ചത് എന്‍.ഐ.എ. സുപ്രീം കോടതിയുടെ നേരത്തെയുള്ള വിധിക്കെതിരാണെന്ന് ഇറ്റലിക്ക് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ മുകുള്‍ റോത്തകി വാദിച്ചു. ദേശീയ അന്വേഷണ ഏജന്‍സി നിയമമനുസരിച്ച് ഇന്ത്യന്‍ ശിക്ഷാ നിയമം മാത്രം ബാധമായ കേസുകള്‍ എന്‍.ഐ.എയുടെ അധികാര പരിധിയില്‍ വരില്ല.

 

കോടതിയില്‍ ഹാജരായ അറ്റോര്‍ണ്ണി ജനറല്‍ ഗുലാം വാഹനവതി ഇറ്റലിയുടെ വാദത്തെ എതിര്‍ത്തു. കേസില്‍ 60 ദിവസത്തിനകം അന്വേഷണം പൂര്‍ത്തിയാകുമെന്നും അദ്ദേഹം അറിയിച്ചു. ദേശീയ അന്വേഷണ ഏജന്‍സി നിയമത്തില്‍ എന്‍.ഐ.എക്ക് പരിമിതികളില്ലെന്ന് അദ്ദേഹം വാദിച്ചു.

 

കേരള തീരത്ത് രണ്ട് മത്സ്യത്തൊഴിലാളികളെ വെടിവച്ചു കൊന്ന കേസില്‍ രണ്ട് ഇറ്റാലിയന്‍  നാവിക സൈനികര്‍ക്കെതിരെ കേസെടുക്കാന്‍ സംസ്ഥാനത്തിന് അധികാരമില്ലെന്ന സുപ്രീം കോടതി വിധിയെ തുടര്‍ന്നാണ്‌ കേന്ദ്രം കേസ് എന്‍.ഐ.എ.ക്ക് കൈമാറിയത്.