ഇസ്രയേലുമായുള്ള സുരക്ഷാ സഹകരണം അവസാനിപ്പിക്കാന്‍ പലസ്തീന്‍ വിമോചന സംഘടനയുടെ (പി.എല്‍.ഒ) കേന്ദ്ര സമിതി തീരുമാനിച്ചു. പലസ്തീന്‍ അതോറിറ്റിയുടെ സാമ്പത്തിക സ്രോതസ്സ് തടയുന്ന ഇസ്രായേലിന്റെ നടപടിയില്‍ പ്രതിഷേധിച്ചാണ് തീരുമാനം.
പലസ്തീന്‍ അതോറിറ്റി സ്ഥാപിച്ച 1993-ലെ സ്വയംഭരണ കരാര്‍ അനുസരിച്ചുള്ള സുരക്ഷാ സഹകരണത്തില്‍ രഹസ്യാന്വേഷണ വിവരങ്ങള്‍ അടക്കം കൈമാറിയിരുന്നു. പലസ്തീന്‍ സൈനിക-രാഷ്ട്രീയ സംഘടനയായ ഹമാസിനെ കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുന്നതിന് ഇസ്രയേലിനെ നിര്‍ണ്ണായകമായി സഹായിച്ചിരുന്ന ഒന്നായിരുന്നു ഈ കരാര്‍. ഹമാസിനെ തീവ്രവാദ സംഘടനയായാണ് ഇസ്രയേല്‍ കണക്കാക്കുന്നത്.
ഇസ്രായേലിന്റെ അധിനിവേശം രണ്ട് വര്‍ഷത്തിനകം അവസാനിപ്പിക്കാന്‍ ആവശ്യപ്പെടുന്ന ഒരു പ്രമേയം പലസ്തീന്‍ ഐക്യരാഷ്ട്ര രക്ഷാസമിതിയില്‍ അവതരിപ്പിച്ചിരുന്നു. ഇത് പരാജയപ്പെട്ടെങ്കിലും ഈ വര്‍ഷമാദ്യം അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയില്‍ പലസ്തീന്‍ അംഗമായി ചേര്‍ന്നു. തുടര്‍ന്ന്‍ 2014 ജൂലൈയില്‍ ഇസ്രയേല്‍ ഗാസയില്‍ നടത്തിയ ആക്രമണത്തില്‍ യുദ്ധക്കുറ്റങ്ങള്‍ നടന്നിട്ടുണ്ടോ എന്ന്‍ പരിശോധിക്കാന്‍ പലസ്തീന്‍ ആവശ്യമുയര്‍ത്തിയിട്ടുണ്ട്.
ഇതിന് പിന്നാലെ, പ്രതിമാസം 12.7 കോടി ഡോളര്‍ വരുന്ന നികുതി വരുമാനം പലസ്തീന്‍ അതോറിറ്റിയ്ക്ക് കൈമാറുന്നത് ഇസ്രയേല്‍ മരവിപ്പിച്ചു. ഇതോടെ. ജീവനക്കാര്‍ക്ക് ശമ്പളവും നല്‍കാനാകാതെയും മറ്റും അതോറിറ്റിയുടെ നിലനില്‍പ്പ് തന്നെ പ്രതിസന്ധിയില്‍ ആയിരിക്കുകയാണ്.
എതിരാളികളായ ഹമാസുമായി ചേര്‍ന്ന്‍ സഖ്യകക്ഷി സര്‍ക്കാരുണ്ടാക്കാനുള്ള പി.എല്‍.ഒയുടെ 2014 ഏപ്രിലിലെ തീരുമാനത്തെ തുടര്‍ന്നാണ് സംഘടനയുടെ ഇസ്രയേലുമായുള്ള ബന്ധം വഷളാകാന്‍ തുടങ്ങിയത്. ഇതിന് പിന്നാലെയാണ് ഇസ്രയേല്‍ ഹമാസ് ശക്തികേന്ദ്രമായ ഗാസയ്ക്ക് നേരെ ആക്രമണം ആരംഭിച്ചത്.