Skip to main content

വത്തിക്കാന്‍ സിറ്റി: 120 കോടി കത്തോലിക്കരുടെ ആത്മീയാചാര്യനായി അര്‍ജന്റീനയിലെ ബ്യൂണസ് അയേഴ്‌സ് ആര്‍ച്ച് ബിഷപ്പായിരുന്ന കര്‍ദിനാള്‍ യോര്‍ഗെ മരിയോ ബെര്‍ഗോഗ്ലിയോ (76) തിരഞ്ഞെടുക്കപ്പെട്ടു. സഭയുടെ 266-ാമത്തെ മാര്‍പാപ്പ യൂറോപ്പിന് പുറത്തുനിന്നുള്ള ആദ്യ പാപ്പയുമാണ്‌. ഫ്രാന്‍സിസ് ഒന്നാമന്‍ എന്ന പേരില്‍ ആദേഹം ഇനി അറിയപ്പെടും.

 

വത്തിക്കാനിലെ സിസ്റ്റൈന്‍ ചാപ്പലില്‍ നടന്ന കര്‍ദിനാള്‍മാരുടെ കോണ്‍ക്ലേവിന്റെ അഞ്ചാം റൗണ്ടില്‍  രണ്ടാംദിവസത്തെ അവസാന വോട്ടെടുപ്പിലാണ് പാപ്പ തിരഞ്ഞെടുക്കപ്പെട്ടത്. ബുധനാഴ്ച ഇന്ത്യന്‍സമയം രാത്രി 11.32-നാണ് പുതിയ പാപ്പ തിരഞ്ഞെടുക്കപ്പെട്ടതിന്റെ സൂചനയായി സിസ്റ്റൈന്‍ ചാപ്പലിന്റെ ചിമ്മിനിയില്‍ വെളുത്ത പുക ഉയര്‍ന്നത്. ഇന്ത്യന്‍ സമയം രാത്രി 12.45-ന് സെന്റ് പീറ്റേഴ്‌സ് ബസലിക്കയുടെ പ്രധാന മട്ടുപ്പാവില്‍ പ്രത്യക്ഷപ്പെട്ട കര്‍ദിനാള്‍ ഷീന്‍ ലൂയി തൗറാന്‍, ഹബേമൂസ് പാപ്പാം (നമുക്ക് പാപ്പയെ ലഭിച്ചിരിക്കുന്നു ) എന്ന് പ്രഖ്യാപിച്ചു. പിന്നാലെ സ്ഥാനചിഹ്നങ്ങളണിഞ്ഞ് പുതിയ പാപ്പ മട്ടുപ്പാവില്‍ പ്രത്യക്ഷപ്പെട്ടു.

 

ഇറ്റലിയില്‍ നിന്ന് കുടിയേറിയ  മാതാപിതാക്കളുടെ അഞ്ചുമക്കളില്‍ ഒരാളായി ജനിച്ച ബെര്‍ഗോളിയോ  ലളിതമായ ജീവിത സാഹചര്യങ്ങളിലൂടെയാണ് വളര്‍ന്നത്. 1969 ഡിസംബര്‍ 13ന് പുരോഹിത വൃത്തിയിലേക്ക് പ്രവേശിച്ച അദ്ദേഹം 1998 ല്‍ ബ്യൂണസ് അയേര്‍സിലെ ആര്‍ച്ച് ബിഷപ്പായി. 2001ലാണ് കര്‍ദ്ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടത്. മാര്‍പ്പാപ്പയാകുന്ന ആദ്യ ഈശോസഭ വൈദികനുമാണ് അദ്ദേഹം.

 

ബെനഡിക്ട് പതിനാറാമന്‍ ഫെബ്രവരി 28 ന് സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്നാണ് പുതിയ പാപ്പയെ തിരഞ്ഞെടുക്കേണ്ടിവന്നത്.