മാഡ്രിഡ്: ക്വാര്‍ട്ടറില്‍ കടക്കാന്‍ മൂന്ന്‍ ഗോളിന്റെ വ്യത്യാസത്തില്‍ വിജയം അനിവാര്യമായിരുന്ന സ്പാനിഷ് ക്ലബ് ബാഴ്സലോണ മറുപടിയില്ലാത്ത നാല് ഗോളിന് ഇറ്റലിയുടെ എ.സി. മിലാനെ തകര്‍ത്തു വിട്ടു. ഇരട്ട ഗോളുകളുമായി തന്റെ സമീപകാല വരള്‍ച്ചയെ ലയണ്ണല്‍ മെസ്സിയും മറികടന്നു. ചാമ്പ്യന്‍സ് ലീഗിന്റെ ചരിത്രത്തില്‍ ആദ്യപാദത്തില്‍ രണ്ടു ഗോളിന് തോറ്റ ശേഷം ക്വാര്‍ട്ടറിലെത്തുന്ന ആദ്യ ടീമെന്ന നേട്ടവും ബാഴ്സലോണ സ്വന്തമാക്കി.
സ്വന്തം തട്ടകത്തില്‍ നടന്ന കളിയില്‍ ആദ്യന്തം ആക്രമണം അഴിച്ചുവിടുകയായിരുന്നു ബാഴ്സ. അഞ്ചാം മിനിട്ടില്‍ തന്നെ മെസ്സി ലക്‌ഷ്യം കണ്ടതോടെ സ്റ്റേഡിയം ഇരമ്പാന്‍ തുടങ്ങി. നാല്പതാം മിനിട്ടില്‍ മെസ്സി രണ്ടാം ഗോളും നേടി. ഡേവിഡ് വിയ്യയുടെതായിരുന്നു രണ്ടാം പകുതി. അന്‍പത്തി അഞ്ചാം മിനിട്ടില്‍ വിയ്യ വല ചലിപ്പിച്ചതോടെ ബാഴ്സ ക്വാര്‍ട്ടറിലെക്കടുത്തു. കളി തീരുന്നതിനു മുന്പായി ജോര്‍ഡി ആല്ബ പട്ടിക പൂര്‍ത്തിയാക്കി.