Skip to main content
ജറുസലേം

 

ഇസ്രയേലില്‍ പാര്‍ലിമെന്റായ നെസറ്റിലേക്ക് ചൊവ്വാഴ്ച വോട്ടെടുപ്പ് നടക്കുന്നു. നാലാം വട്ടം അധികാരത്തില്‍ എത്താന്‍ ശ്രമിക്കുന്ന പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ലികുഡ്‌ പാര്‍ട്ടി ഐസക് ഹെര്‍സോഗ് നയിക്കുന്ന സയണിസ്റ്റ് യൂണിയനില്‍ നിന്ന്‍ കടുത്ത വെല്ലുവിളിയാണ് നേരിടുന്നത്.

 

മൂന്ന്‍ മാസം നീണ്ടുനിന്ന തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ജീവിതച്ചിലവുകള്‍ ഉയരുന്നത് പോലുള്ള സാമ്പത്തിക പ്രശ്നങ്ങളാണ് കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ടത്. അതേസമയം, ഇറാന്റെ ആണവപദ്ധതിയില്‍ നടക്കുന്ന ബഹുകക്ഷി ചര്‍ച്ചകളുടെ പശ്ചാത്തലത്തില്‍ തെരഞ്ഞെടുപ്പ് ആഗോള പ്രാധാന്യവും നേടിയിട്ടുണ്ട്.

 

യു.എസ് അടക്കമുള്ള രാഷ്ട്രങ്ങള്‍ ഇറാനുമായി നടക്കുന്ന ചര്‍ച്ചയിലെ ധാരണകളെ അംഗീകരിക്കില്ലെന്ന്‍ നെതന്യാഹു പ്രചാരണത്തിനിടയില് പ്രഖ്യാപിച്ചിരുന്നു. തീവ്രവാദ നിലപാടുകാരുടെ പിന്തുണ ലക്ഷ്യമിട്ട് അധികാരത്തില്‍ എത്തുകയാണെങ്കില്‍ പലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കാന്‍ അനുവദിക്കില്ലെന്നും കഴിഞ്ഞ ദിവസം നെതന്യാഹു പ്രഖ്യാപിച്ചു. യു.എസുമായുള്ള ഇസ്രായേലിന്റെ ദീര്‍ഘകാലമായുള്ള ധാരണകളെ ലംഘിക്കുന്നതാണ് ഈ പ്രഖ്യാപനം.

 

25 പാര്‍ട്ടികളാണ്‌ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. ഇസ്രയേല്‍ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ പാര്‍ട്ടികള്‍ക്ക് വോട്ട് ചെയ്യുകയും വോട്ടിന് ആനുപാതികമായി 120 അംഗ നെസറ്റില്‍ പാര്‍ട്ടികള്‍ക്ക് സീറ്റ് ലഭിക്കുകയുമാണ്‌ ചെയ്യുക. പലപ്പോഴും ആഴ്ചകള്‍ നീണ്ടുനില്‍ക്കുന്ന ചര്‍ച്ചകളിലൂടെയാണ് രാജ്യത്ത് സര്‍ക്കാര്‍ രൂപീകരണം നടക്കാറുള്ളത്.  

Tags