Skip to main content
മിന്‍സ്ക്

normandy four

 

ആഭ്യന്തര യുദ്ധം രൂക്ഷമായ യുക്രൈനില്‍ ഫെബ്രുവരി 15 ഞായറാഴ്ച മുതല്‍ വെടിനിര്‍ത്തലിന് ഉടമ്പടിയായി. ബെലാറസ്‌ തലസ്ഥാനമായ മിന്‍സ്കില്‍ റഷ്യ, ജര്‍മ്മനി, ഫ്രാന്‍സ്, യുക്രൈന്‍ എന്നീ രാജ്യങ്ങളുടെ നേതാക്കള്‍ തമ്മില്‍ 16 മണിക്കൂറിലധികം നീണ്ട മാരത്തോണ്‍ ചര്‍ച്ചയിലാണ് ഉടമ്പടി രൂപീകരിച്ചത്.

 

ബുധനാഴ്ച ആരംഭിച്ച ചര്‍ച്ചകള്‍ക്ക് റഷ്യാ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന്‍, ജര്‍മ്മനിയുടെ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍, ഫ്രഞ്ച് പ്രസിഡന്റ് ഫ്രാസ്വോ ഒലാന്ദ്, യുക്രൈന്‍ പ്രസിഡന്റ് പെട്രോ പൊറോഷേങ്കോ എന്നിവര്‍ നേതൃത്വം കൊടുത്തു. കിഴക്കന്‍ യുക്രൈനിലെ വിമത സൈന്യം, യുക്രൈന്‍, റഷ്യ, ഓര്‍ഗനൈസേഷന്‍ ഫോര്‍ കോപ്പറേഷന്‍ ആന്‍ഡ്‌ സെക്യൂരിറ്റി ഇന്‍ യൂറോപ്പ് എന്നിവയുടെ പ്രതിനിധികള്‍ വെടിനിര്‍ത്തല്‍ ഉടമ്പടിയില്‍ ഒപ്പ് വെച്ചു.

 

യുക്രൈന്‍ സൈന്യവും വിമതരും തമ്മിലുള്ള നിരാക്രമണ രേഖ തീരുമാനിക്കുന്നതിലെ തര്‍ക്കമാണ് ഉടമ്പടി വൈകിപ്പിച്ചത്. ഉടമ്പടി അനുസരിച്ച് നിലവിലുള്ള മുന്നണിനിരയില്‍ നിന്ന്‍ യുക്രൈന്‍ സൈന്യം പിന്‍വാങ്ങുമെന്ന്‍ പുടിന്‍ പറഞ്ഞു. കഴിഞ്ഞ സെപ്തംബറിലെ വെടിനിര്‍ത്തല്‍ ഉടമ്പടി ഒപ്പ് വെച്ചപ്പോള്‍ അംഗീകരിച്ച രേഖയില്‍ നിന്ന്‍ വിമതരും പിന്‍വാങ്ങുമെന്ന്‍ പുടിന്‍ കൂട്ടിച്ചേര്‍ത്തു. വിമത പ്രവിശ്യകള്‍ക്ക് പ്രത്യേക പദവിയും അതിര്‍ത്തി കാവലുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുടെ പരിഹാരവും ഉള്‍പ്പെടെ കഴിഞ്ഞ വെടിനിര്‍ത്തല്‍ ഉടമ്പടിയിലെ മറ്റ് ധാരണകളും ഈ ഉടമ്പടിയില്‍ ആവര്‍ത്തിച്ചിട്ടുള്ളതായി പുടിന്‍ വ്യക്തമാക്കി.

 

കിഴക്കന്‍ യുക്രൈനില്‍ 2014 ഏപ്രില്‍ മുതല്‍ തുടരുന്ന പോരാട്ടങ്ങളില്‍ ഐക്യരാഷ്ട്രസഭയുടെ കണക്കുകള്‍ അനുസരിച്ച് 5300-ല്‍ അധികം പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. സെപ്തംബറില്‍ ധാരണയായ വെടിനിര്‍ത്തല്‍ ഉടമ്പടി അധികം വൈകാതെ തന്നെ ഇരുപക്ഷത്ത് നിന്നുള്ള ലംഘനങ്ങളെ തുടര്‍ന്ന്‍ തകര്‍ന്നിരുന്നു.