പാരീസില്‍ ആക്ഷേപഹാസ്യ വാരിക ചാര്‍ളി ഹെബ്ദോ ആക്രമിച്ചവരുടെ വിവരങ്ങള്‍ ഫ്രഞ്ച് പോലീസ് പുറത്തുവിട്ടു. സഹോദരങ്ങളായ ഷെരിഫ് കൌഷി, സൈദ് കൌഷി എന്നിവര്‍ക്കായി തിരച്ചില്‍ ശക്തമാണ്. അക്രമത്തില്‍ പങ്കുണ്ടെന്ന് പോലീസ് സംശയിക്കുന്ന മൂന്നാമത്തെയാള്‍ കീഴടങ്ങിയിട്ടുണ്ട്.
12 പേര്‍ കൊല്ലപ്പെട്ട ബുധനാഴ്ചത്തെ ആക്രമണം ഫ്രാന്‍സിനെ ആകമാനം ദു:ഖത്തില്‍ ആഴ്ത്തിയിരിക്കുകയാണ്. വ്യാഴാഴ്ച ദേശീയ ദു:ഖാചരണം പ്രഖ്യാപിച്ചു. കഴിഞ്ഞ അര നൂറ്റാണ്ടില്‍ ഫ്രാന്‍സില്‍ ആകെ നാല് ദു:ഖാചരണങ്ങള്‍ മാത്രമാണ് പ്രഖ്യാപിച്ചിട്ടുള്ളത്. പാരീസിലും ലോകത്തെ പല നഗരങ്ങളിലും കൊല്ലപ്പെട്ടവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് പ്രകടനങ്ങള്‍ നടന്നു. ഷെ സ്യു ചാര്‍ളി (ഞാന്‍ ചാര്‍ളി) എന്ന പ്ലക്കാര്‍ഡുകള്‍ ഏന്തിയായിരുന്നു പ്രകടനം.
രാജ്യത്ത് അതീവ തീവ്രവാദ ജാഗ്രതയും പ്രഖ്യാപിച്ചു. മാദ്ധ്യമ സ്ഥാപനങ്ങള്‍, ആരാധാനാലയങ്ങള്‍, ഗതാഗത കേന്ദ്രങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. രാജ്യത്തിന്റെ പാരമ്പര്യമായ ആവിഷ്കാര സ്വാതന്ത്ര്യമാണ് ആക്രമിക്കപ്പെട്ടിരിക്കുന്നതെന്നും ഫ്രഞ്ച് റിപ്പബ്ലിക് തന്നെയാണ് അക്രമികള്‍ ലക്ഷ്യമാക്കിയിരിക്കുന്നതെന്നും രാഷ്ട്രത്തോട് നടത്തിയ അഭിസംബോധനയില്‍ പ്രസിഡന്റ് ഫ്രാന്‍സോ ഒലാന്ദ് പറഞ്ഞു.
വാരികയുടെ പത്രാധിപര്‍ അടക്കം എട്ട് മാദ്ധ്യമപ്രവര്‍ത്തകരും രണ്ട് പോലീസുകാരും ഒരു ജീവനക്കാരനും ഒരു അതിഥിയുമാണ് ചാര്‍ളി ഹെബ്ദോയുടെ ഓഫീസില്‍ നടന്ന ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. 11 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരില്‍ ചിലരുടെ നില ഗുരുതരമാണ്.
മുഹമ്മദ് നബിയുടെ കാര്‍ട്ടൂണുകള്‍ പ്രസിദ്ധീകരിച്ചതിനെ തുടര്‍ന്ന്‍ വിവാദം സൃഷ്ടിച്ചിട്ടുള്ള വാരികയാണ് ചാര്‍ളി ഹെബ്ദോ. വധഭീഷണിയെ തുടര്‍ന്ന്‍ പത്രാധിപര്‍ സ്റ്റീഫന്‍ ഷാര്‍ബോണിയെക്ക് പോലീസ് സംരക്ഷണം ഉണ്ടായിരുന്നു. 2011-ല്‍ വാരികയുടെ ഓഫീസിന് നേരെ ബോംബേറ് ഉണ്ടായിരുന്നു.
ഹമീദ് മൌറാദ് എന്ന 18-കാരനാണ് പോലീസ് സംശയിക്കുന്നതായ മാദ്ധ്യമ റിപ്പോര്‍ട്ടുകളെ തുടര്‍ന്ന്‍ കീഴടങ്ങിയത്. സംഭവവുമായി തനിക്ക് ബന്ധമില്ലെന്ന് മൌറാദ് പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. തുടര്‍ന്നാണ് കൌഷി സഹോദരങ്ങളുടെ പേരും ചിത്രവും പോലീസ് പുറത്തുവിട്ടത്. ഇറാഖിലേക്ക് ജിഹാദി പോരാളികളെ അയച്ചതിന് 2008-ല്‍ മൂന്ന്‍ വര്‍ഷത്തെ തടവിന് ശിക്ഷിക്കപ്പെട്ടയാളാണ് ഷെരിഫ് കൌഷിയെന്ന്‍ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.