Skip to main content
റാമല്ല

mahmud abbas

 

സ്വതന്ത്ര രാഷ്ട്ര പദവി ആവശ്യപ്പെടുന്ന ഒരു പ്രമേയം ഐക്യരാഷ്ട്ര രക്ഷാസമിതില്‍ വീണ്ടും അവതരിപ്പിക്കുമെന്ന് പലസ്തീന്‍ അതോറിറ്റി പ്രസിഡന്റ് മഹമൂദ് അബ്ബാസ്. വിഷയം ജോര്‍ദാനുമായി ചര്‍ച്ച ചെയ്യുകയാണെന്ന് അബ്ബാസ് ഞായറാഴ്ച അറിയിച്ചു. ഈ ആവശ്യം ഉള്‍പ്പെടുത്തി ജോര്‍ദാന്‍ കഴിഞ്ഞയാഴ്ച അവതരിപ്പിച്ച പ്രമേയം രക്ഷാസമിതിയില്‍ പരാജയപ്പെട്ടിരുന്നു.

 

ഇസ്രയേലുമായുള്ള തര്‍ക്കം ഒരു വര്‍ഷത്തിനുള്ളില്‍ പരിഹരിക്കുന്നതിനും കിഴക്കന്‍ ജെറുസലേം തലസ്ഥാനമായി 2017-നകം സ്വതന്ത്ര പലസ്തീന്‍ രൂപീകരിക്കുന്നതിനും ശുപാര്‍ശ ചെയ്യുന്ന പ്രമേയമാണ് ഐക്യരാഷ്ട്ര രക്ഷാസമിതിയില്‍ അവതരിപ്പിച്ചത്. രക്ഷാസമിതിയില്‍ അവതരിപ്പിച്ച പ്രമേയത്തില്‍ സ്ഥിരാംഗമായ യു.സിന്റെ നിഷേധ വോട്ടിന് പുറമേ, 15 അംഗ സമിതിയില്‍ പ്രമേയം പാസാക്കുന്നതിന് ആവശ്യമായ ഒന്‍പത് വോട്ടുകളും ലഭിച്ചില്ല. എട്ട് രാഷ്ട്രങ്ങള്‍ പ്രമേയത്തെ പിന്തുണച്ചപ്പോള്‍ അഞ്ച് രാഷ്ട്രങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന്‍ വിട്ടുനിന്നു.

 

രക്ഷാസമിതി തങ്ങളെ പരാജയപ്പെടുത്തുകയായിരുന്നുവെന്നും രണ്ടാമതും മൂന്നാമതും സമിതിയെ സമീപിക്കുമെന്നും അബ്ബാസ്‌ ഞായറാഴ്ച പറഞ്ഞു. തുടര്‍ന്നും യു.എസ് വീറ്റോ അധികാരം പ്രയോഗിച്ചാല്‍ പ്രമേയം സ്വീകരിക്കപ്പെടുകയില്ലെങ്കിലും രക്ഷാസമിതിയില്‍ കൂടുതല്‍ അംഗങ്ങളുടെ പിന്തുണ നേടുകയായിരികും പലസ്തീന്റെ ലക്ഷ്യം. പ്രമേയത്തെ അംഗീകരിച്ചിരുന്ന ഒരു രാഷ്ട്രം അവസാന നിമിഷം നിലപാട് മാറ്റി വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചതിനാലാണ് ഒന്‍പത് വോട്ടുകള്‍ ലഭിക്കാതിരുന്നതെന്ന് അബ്ബാസ്‌ വെളിപ്പെടുത്തിയിരുന്നു. ജനുവരി ഒന്നിന് രക്ഷാസമിതിയില്‍ അഞ്ച് പുതിയ അംഗങ്ങള്‍ സ്ഥാനമേറ്റിട്ടുണ്ട്.

 

പ്രമേയം തള്ളപ്പെട്ടതിന് പിന്നാലെ 20 അന്താരാഷ്ട്ര ഉടമ്പടികളില്‍ അംഗമാകാനുള്ള അപേക്ഷ പലസ്തീന്‍ സമര്‍പ്പിച്ചിരുന്നു. അന്താരാഷ്ട്ര ക്രിമിനല്‍ കോടതി സ്ഥാപിച്ച റോം സ്റ്റാറ്റ്യൂട്ടും ഇതില്‍ ഉള്‍പ്പെടും. അംഗമായി സ്വീകരിക്കപ്പെട്ടാല്‍ പലസ്തീന്‍ പ്രദേശങ്ങളില്‍ നടന്ന യുദ്ധക്കുറ്റങ്ങള്‍ ഉള്‍പ്പെടെയുള്ളവ വിചാരണ ചെയ്യാന്‍ കോടതിയ്ക്ക് അധികാരം ലഭിക്കും.

 

ഇതേത്തുടര്‍ന്ന്‍, പലസ്തീന് നല്‍കാനുള്ള 12.5 കോടി ഡോളര്‍ നികുതിപ്പണം ഇസ്രയേല്‍ കാരണമൊന്നും പറയാതെ തടഞ്ഞുവെച്ചിരിക്കുകയാണ്. എന്നാല്‍, നയതന്ത്ര മാര്‍ഗ്ഗങ്ങളിലൂടെ ഇസ്രായേലിന് മുകളില്‍ അന്താരാഷ്ട്ര സമ്മര്‍ദ്ദം ഉയര്‍ത്താനുള്ള നീക്കവുമായി അബ്ബാസ്‌ മുന്നോട്ടുനീങ്ങുകയാണ്. യൂറോപ്പിലെ പല രാഷ്ട്രങ്ങളിലും പാര്‍ലിമെന്റുകള്‍ പലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കുന്ന പ്രതീകാത്മക പ്രമേയങ്ങള്‍ പാസാക്കിയിരുന്നു.   

Tags