യു.എസില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഭരണകൂടത്തിന് ആദ്യ തിരിച്ചടിയായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്കല്‍ ഫ്ലിന്‍ രാജിവെച്ചു. സ്ഥാനമേല്‍ക്കുന്നതിന് മുന്‍പ് റഷ്യയുടെ യു.എസ് സ്ഥാനപതിയുമായി നടത്തിയ സംഭാഷണം സംബന്ധിച്ച് തെറ്റായ വിവരങ്ങള്‍ നല്‍കിയെന്നത് വിവാദമായതോടെയാണ് ഫ്ലിന്‍ തിങ്കളാഴ്ച രാത്രി രാജി നല്‍കിയത്.
റഷ്യയ്ക്ക് നേരെയുള്ള നിരോധനം സംബന്ധിച്ച് സ്ഥാനപതി സെര്‍ജി കിസ്ല്യകുമായി നടത്തിയ സംഭാഷണത്തിന്റെ വിവരങ്ങള്‍ ഫ്ലിന്‍ നിയുക്ത വൈസ് പ്രസിഡന്റ് ആയിരുന്ന മൈക്ക് പെന്‍സിനോട് വിവരിക്കുകയും പെന്‍സ് ഇത് വെളിപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാല്‍, ഇത് തെറ്റായ വിവരമാണെന്ന് യു.എസ് നീതിന്യായ വകുപ്പ് ട്രംപ് ഭരണകൂടത്തെ കഴിഞ്ഞ മാസം അറിയിച്ചിരുന്നു. ഫ്ലിന്നിനെ ഭീഷണിപ്പെടുത്തി കാര്യങ്ങള്‍ സാധിക്കാന്‍ കഴിയുന്ന വിവരങ്ങള്‍ റഷ്യയുടെ പക്കല്‍ ഉണ്ടാകാമെന്നും വകുപ്പ് അറിയിച്ചിരുന്നു.
റഷ്യയുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന ഫ്ലിന്നിന്റെ രാജി യു.എസ്-റഷ്യ ബന്ധത്തെ എങ്ങനെ ബാധിക്കുമെന്ന് നിരീക്ഷകര്‍ കാത്തിരിക്കുന്നു. മുന്‍ ഭരണകൂടത്തില്‍ നിന്ന് വ്യത്യസ്തമായി റഷ്യയുമായി സമവായത്തിന്റെ പാതയാണ് ട്രംപ് അനുവര്‍ത്തിച്ചിരുന്നത്. മൂന്നാഴ്ച മാത്രം പദവിയില്‍ ഇരുന്ന ഫ്ലിന്നിന് പകരമായി വിരമിച്ച ലെഫ്റ്റ. ജനറല്‍ കീത്ത് കെല്ലോഗിനെ താല്‍ക്കാലികമായി ദേശീയ സുരക്ഷാ ഉപദേഷ്ടാവായി നിയമിച്ചിട്ടുണ്ട്.