യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ജോണ്‍ ട്രംപ് വിജയിച്ചു. യു.എസ് രാഷ്ട്രീയ വ്യവസ്ഥയോടുള്ള സാധാരണ ജനതയുടെ കടുത്ത രോഷമാണ് ട്രംപിന്റെ വിജയം വ്യക്തമാക്കുന്നത്. 70-കാരനായ ട്രംപ് യു.എസിന്റെ 45-ാമത് പ്രസിഡന്റാകും.
റിയല്‍ എസ്റ്റേറ്റ് വ്യവസായിയും റിയാലിറ്റി ടെലിവിഷന്‍ പരിപാടിയുടെ അവതാരകനുമായിരുന്ന ട്രംപ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പ്രധാന പ്രചാരണ വിഷയമാക്കിയത് സാമ്പത്തിക അസമത്വങ്ങളും അതില്‍ രാഷ്ട്രീയ വ്യവസ്ഥയ്ക്കുള്ള ഉത്തരവാദിത്വവുമായിരുന്നു. കുടിയേറ്റം, പുറംകരാര്‍ ജോലികള്‍ മുതലായ വിഷയങ്ങളില്‍ ട്രംപിന്റെ നിലപാടുകള്‍ വിവാദം സൃഷ്ടിച്ചെങ്കിലും ജനപിന്തുണ ഒരിക്കലും അദ്ദേഹത്തിന് നഷ്ടമായില്ല. തീവ്രവാദ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ മുസ്ലിം സമുദായത്തിനെതിരെ നടത്തിയ പ്രസ്താവനകളും വന്‍ വിവാദം സൃഷ്ടിച്ചിരുന്നു. സ്ത്രീകള്‍ക്ക് നേരെ നേരത്തെ നടത്തിയ അതിക്രമത്തിന്റെ വാര്‍ത്തകള്‍ പുറത്തുവന്നെങ്കിലും അതും വോട്ടില്‍ പ്രതിഫലിച്ചില്ല.
അതേസമയം, ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥി ഹില്ലാരി ക്ലിന്റന്റെ തോല്‍വിയോടെ ഒരു വനിതാ പ്രസിഡന്റിന് വേണ്ടിയുള്ള യു.എസിന്റെ കാത്തിരിപ്പ് ഇനിയും നീളും. വാഷിംഗ്‌ടണ്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുകയും ഭരണം നിയന്ത്രിക്കുകയും ചെയ്യുന്ന വ്യവസ്ഥയുടെ സ്ഥാനാര്‍ഥിയാണ് ഹില്ലാരി എന്ന പ്രചരണം ജനങ്ങള്‍ക്കിടയില്‍ കാര്യമായ ചലനം ഉണ്ടാക്കിയെന്ന്‍ തെരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നു. വികിലീക്സ് വഴി പുറത്തുവന്ന ഇമെയിലുകള്‍ ഈ ആരോപണത്തെ സാധൂകരിക്കുന്നവയുമായിരുന്നു.
യു.എസ് ഭരണസംവിധാനത്തില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പിടിയും ഇതോടെ സമ്പൂര്‍ണ്ണമാകുകയാണ്. തെരഞ്ഞെടുപ്പില്‍ യു.എസ് നിയമനിര്‍മ്മാണ സഭയായ കോണ്‍ഗ്രസിന്റെ ഉപരിസഭയായ സെനറ്റിലും അധോസഭയായ ജനപ്രതിനിധിസഭയിലും ഉണ്ടായിരുന്ന മേധാവിത്വം പാര്‍ട്ടി നിലനിര്‍ത്തിയിട്ടുണ്ട്.