തങ്ങളുടെ അത്ലെറ്റിക്സ് മത്സരാര്‍ത്ഥികളെ ഒളിമ്പിക്സില്‍ നിന്ന് വിലക്കിയ നടപടിയ്ക്കെതിരെ റഷ്യ നല്കിയ അപ്പീല്‍ തള്ളി. അധികൃതരുടെ പിന്തുണയോടെ ഉത്തേജക മരുന്ന് ഉപയോഗിക്കുകയും ഇത് മറച്ചുവെക്കുകയും ചെയ്ത കുറ്റത്തിന് 68 കായികതാരങ്ങളെ വിലക്കിയ അന്താരാഷ്ട്ര അമച്വര്‍ അത്ലെറ്റിക്സ് ഫെഡറേഷന്റെ തീരുമാനം സ്പോര്‍ട്ട്സിനായുള്ള തര്‍ക്കപരിഹാര കോടതി വ്യാഴാഴ്ച ശരിവെച്ചു.
ബ്രസീലിലെ റിയോ ഡി ജനീറോവില്‍ ഒളിമ്പിക്സിന്റെ ദീപശിഖ തെളിയാന്‍ രണ്ടാഴ്ച മാത്രം ബാക്കി നില്‍ക്കെ റഷ്യയുടെ പങ്കാളിത്തം തന്നെ സംശയത്തിലായ വിധിയാണ് ഉണ്ടായിരിക്കുന്നത്. അടുത്തയാഴ്ച ചേരുന്ന അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ ഈ വിഷയത്തിലെ തീരുമാനം നിര്‍ണ്ണായകമാകും
സസ്പെന്ഷന് നേരിടുന്ന ദേശീയ ഫെഡറേഷന് ഒളിമ്പിക്സ് പോലുള്ള അന്താരാഷ്ട്ര മത്സരങ്ങളില്‍ പങ്കെടുക്കാനാകില്ലെന്ന് സ്വിറ്റ്സര്‍ലന്‍ഡിലെ ലുസാന്‍ ആസ്ഥാനമായുള്ള കോടതിയുടെ മൂന്നംഗ പാനല്‍ വിധിച്ചു. റിയോ ഒളിമ്പിക്സിന് കായികതാരങ്ങളെ നാമനിര്‍ദ്ദേശം ചെയ്യാന്‍ റഷ്യന്‍ ഒളിമ്പിക് കമ്മിറ്റിയ്ക്ക് അധികാരമില്ലെന്ന് കോടതി വ്യക്തമാക്കി.
അതേസമയം, റഷ്യന്‍ കായികതാരങ്ങളെ വിലക്കാനോ അല്ലെങ്കില്‍ റഷ്യയുടെ പ്രതിനിധികളായോ നിഷ്പക്ഷ കായികതാരങ്ങളായോ പങ്കെടുപ്പിക്കുന്നതിനോ ഉള്ള അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ അധികാരത്തില്‍ തങ്ങള്‍ക്ക് ഇടപെടാന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്.