Skip to main content

hillary clinton

 

യു.എസ് പ്രസിഡന്റ് സ്ഥാനത്തേക്ക് പ്രധാന പാര്‍ട്ടികളില്‍ ഒന്നിന്റെ സ്ഥാനാര്‍ഥിയാകുന്ന ആദ്യ വനിതയെന്ന നേട്ടത്തിലേക്ക് ഹില്ലരി ക്ലിന്റന്‍. ഡെമോക്രാറ്റിക്‌ പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥിത്വത്തിനായുള്ള മത്സരത്തില്‍ ആവശ്യമായ പ്രതിനിധികളെ ക്ലിന്റന്‍ നേടിയതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

 

യു.എസില്‍ ഇതുവരെ ഒരു വനിത പ്രസിഡന്റ് പദവിയിലെത്തിയിട്ടില്ല. എട്ടു വര്‍ഷം മുന്‍പും ഡെമോക്രാറ്റിക്‌ പാര്‍ട്ടി സ്ഥാനാര്‍ഥിത്വത്തിനായി ക്ലിന്റന്‍ മത്സരിച്ചിരുന്നുവെങ്കിലും ഇപ്പോഴത്തെ പ്രസിഡന്റ് ബരാക് ഒബാമയോട് തോല്‍ക്കുകയായിരുന്നു. 2016 നവംബറിലാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്.

 

പ്യൂര്‍ട്ടോ റിക്കോ പ്രൈമറിയിലെ വിജയത്തോടെ 1812 പ്രതിനിധികളുടെ പിന്തുണ ഉറപ്പിച്ച ക്ലിന്റന് 571 സൂപ്പര്‍ ഡെലിഗേറ്റുകളില്‍ നിന്നുള്ള പിന്തുണയും ചേരുമ്പോള്‍ സ്ഥാനാര്‍ഥിത്വത്തിനാവശ്യമായ 2383 പ്രതിനിധികള്‍ ആകും. പാര്‍ട്ടി പ്രവര്‍ത്തകരും ഭാരവാഹികളുമാണ് സൂപ്പര്‍ ഡെലിഗേറ്റുകള്‍. ഇഷ്ടമുള്ള സ്ഥാനാര്‍ഥിയ്ക്ക് വോട്ട് ചെയ്യാന്‍ ഇവര്‍ക്ക് സ്വാതന്ത്ര്യമുണ്ട്. ആകെ 714 സൂപ്പര്‍ ഡെലിഗേറ്റുകള്‍ ആണുള്ളത്. പാര്‍ട്ടി അംഗങ്ങളുടെ വോട്ടിന് ആനുപാതികമായാണ് മറ്റ് പ്രതിനിധികളെ നിശ്ചയിക്കുന്നത്. വലിയ സംസ്ഥാനങ്ങളില്‍ ഒന്നായ കാലിഫോര്‍ണിയ അടക്കം ഇനിയും ആറു സംസ്ഥാനങ്ങളില്‍ കൂടി പ്രൈമറി വോട്ടെടുപ്പ് നടക്കാനുണ്ട്.

 

അതേസമയം, ക്ലിന്റന് അപ്രതീക്ഷിത വെല്ലുവിളി ഉയര്‍ത്തിയ ബേര്‍ണി സാന്‍ഡെഴ്സ് മത്സരത്തില്‍ നിന്ന്‍ പിന്മാറില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ജൂലൈയില്‍ നടക്കുന്ന പാര്‍ട്ടി കണ്‍വെന്‍ഷനില്‍ തന്നെ പിന്തുണക്കാന്‍ സൂപ്പര്‍ ഡെലിഗേറ്റുകള്‍ക്കിടയില്‍ പ്രചരണം നടത്തുമെന്ന് സാന്‍ഡെഴ്സ് പറഞ്ഞു. ഇനി നടക്കുന്ന തെരഞ്ഞെടുപ്പുകളില്‍ നിന്ന് ലഭിക്കുന്ന പ്രതിനിധികളെ കൊണ്ടുമാത്രം സാന്‍ഡെഴ്സിന് സ്ഥാനാര്‍ഥിത്വം നേടാനാകില്ല.  

 

റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിനെ നേരിടാന്‍ മികച്ച സ്ഥാനാര്‍ഥി താനാണെന്ന് സൂചിപ്പിച്ചാണ് സാന്‍ഡെഴ്സിന്റെ നീക്കം. യാഥാസ്ഥിതിക നിലപാടുകള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ട്രംപും ഉദാര നിലപാടുകള്‍ സ്വീകരിക്കുന്ന സാന്‍ഡെഴ്സും വ്യവസ്ഥാപിത രാഷ്ട്രീയത്തെ എതിര്‍ത്തുകൊണ്ടാണ് പ്രചരണം നയിച്ചത്. ഇരുവരും നേടിയ ജനപിന്തുണയുടെ പ്രധാന ഘടകവും ഇതുതന്നെയായിരുന്നു.